തിരുവനന്തപുരം: വെള്ളയമ്പലത്ത് കഴിഞ്ഞ ദിവസമുണ്ടായ പൈപ്പ് പൊട്ടലടക്കം നഗരത്തിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാക്കുന്നതിന് കർമ്മപദ്ധതി തയ്യാറാക്കുമെന്ന് ആന്റണി രാജു എം.എൽ.എ. ഇതുസംബന്ധിച്ച് ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കുടിവെള്ളം കിട്ടാത്തതു സംബന്ധിച്ച് കൗൺസിലർമാരും റസിഡന്റ്സ് അസോസിയേഷനുകളും പൊതുപ്രവർത്തകരും ഉന്നയിച്ചിട്ടുള്ള പരാതികൾ പരിഹരിക്കുന്നതിന് കർമ്മപദ്ധതിയുടെ ആദ്യഘട്ടത്തിൽ നടപടിയുണ്ടാകും.

കഴിഞ്ഞ ദിവസം ചോർച്ച കണ്ടെത്തിയ വെള്ളയമ്പലത്തെ 700 എം.എം പൈപ്പ്‌ലൈൻ കാൽ നൂറ്റാണ്ടിലേറെ പഴക്കമുള്ളതാണെന്നും ഇതേരീതിയിലുള്ള പൈപ്പുകൾ നഗരത്തിന്റെ പലഭാഗത്തുമുണ്ടെന്നും ബന്ധപ്പെട്ട കക്ഷികൾ ചൂണ്ടിക്കാട്ടി. പഴയപൈപ്പുകൾ പൊട്ടി ചോർച്ചയുണ്ടാകുന്നതിനാൽ, പലയിടത്തും വെള്ളം കിട്ടാതാവുകയും റോഡുകൾ ഇടിഞ്ഞുതാഴുകയും ചെയ്യുന്നുണ്ട്. അതിനാൽ പഴയ പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കാനും രണ്ടാംഘട്ടത്തിൽ നടപ്പാക്കാനും യോഗത്തിൽ തീരുമാനിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാരിന് കൈമാറും.

യോഗത്തിൽ നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മേടയിൽ വിക്രമൻ,വാട്ടർ അതോറിട്ടി ജോയിന്റ് എം.ഡി ബിനു ഫ്രാൻസിസ്,സൂപ്രണ്ടിംഗ് എൻജിനിയർ സൂരജ് സുകുമാർ,മുൻ കൗൺസിലർ വഞ്ചിയൂർ ബാബു, നഗരസഭ, വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.