വർക്കല: ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിനെ എൻ.എ.ബി.എച്ച് നിലവാരത്തിലുള്ള ആശുപത്രിയായി പ്രഖ്യാപനം നടത്തി. എസ്.എസ്.എൻ.എം സ്കൂൾ ഒഫ് നഴ്സിംഗ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഹോസ്പിറ്റൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ ഉദ്ഘാടനം ചെയ്തു. യു. എ.ഇ ന്യൂ അലൈൻ മെഡിക്കൽ സെന്റർ മാനേജിംഗ് ഡയറക്ടർ ഡോ. സുധാകരൻ ഹോസ്പിറ്റലിനെ എൻ.എ.ബി.എച്ച് ആശുപത്രിയായി പ്രഖ്യാപിച്ചു. ദേശീയ നിലവാരത്തിലേക്ക് ഉയർന്ന ഹോസ്പിറ്റലിൽ നിന്ന് മെച്ചപ്പെട്ട സേവനം രോഗികൾക്ക് ലഭ്യമാക്കുമെന്ന് ഡോ.സുധാകരൻ പറഞ്ഞു. ലാപ്രോസ്കോപ്പി സർജറി, മെഡിക്കൽ ഗ്യാസ്ട്രോ എൻട്രോളജി, ഓർത്തോപീഡിക്സ്, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി തുടങ്ങിയ പതിനേഴ് ക്ലിനിക്കൽ വിഭാഗങ്ങൾക്കും, ഡയഗ്നോസ്റ്റിക്, ലബോറട്ടറി, ഫാർമസി, ബ്ലഡ് ട്രാൻസ്ഫ്യൂഷൻ, ഫിസിയോതെറാപ്പി, സൈക്കോളജി സർവീസുകൾക്കുമാണ് ക്വാളിറ്റി കൗൺസിൽ ഒഫ് ഇന്ത്യയിൽ നിന്ന് അംഗീകാരം ലഭിച്ചത്. മെഡിക്കൽ സൂപ്രണ്ട് ഡോ.ടി.ടി.പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു.മെഡിക്കൽ ഡയറക്ടർ ഡോ.എസ്.കെ.നിഷാദ്, ഹോസ്പിറ്റൽ ഡെവലപ്പ്മെന്റ് കമ്മിറ്റി കൺവീനർ അനിൽ തടാലിൽ, ഡോ.ശ്യാം.ഡി.ഗോപാൽ,
എസ്.എസ്.എൻ.എം.എം കോളേജ് ഒഫ് നഴ്സിംഗ് പ്രിൻസിപ്പൽ ഡോ.കൃപ,സ്കൂൾ ഒഫ് നഴ്സിംഗ് പ്രിൻസിപ്പൽ ജ്യോതി ജോസഫ്,നഴ്സിംഗ് സൂപ്രണ്ട് എസ്.സിന്ധു തുടങ്ങിയവർ സംസാരിച്ചു. മികച്ച പ്രവർത്തനം കാഴ്ചവച്ച ജീവനക്കാരായ റെജി വിഷ്ണു,രാഖി ഹരികുമാർ, സൈജു ടി .വി ,അജിതകുമാരി, ജ്യോതിലക്ഷ്മി എന്നിവർക്ക് ഉപഹാരം നൽകി അനുമോദിച്ചു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ഷാജി സ്വാഗതവും കെ.ജി. ബിന്ദു നന്ദിയും പറഞ്ഞു.