photo

പാലോട്: പെരിങ്ങമ്മല പഞ്ചായത്തിലെ ഞാറനീലി കുറുപ്പൻകാല, തേവരത്തുകാവ് എന്നീ ആദിവാസി മേഖലകളിലെ ജനങ്ങൾ വർഷങ്ങളായി യാത്രാക്ലേശം അനുഭവിക്കുന്നു. ആദിവാസികൾക്കായി പ്രഖ്യാപിച്ച ക്ഷേമ പദ്ധതികൾക്ക് ഒരു കുറവും ഇല്ലെങ്കിലും അവ പ്രഖ്യാപനങ്ങളിൽ ഒതുങ്ങിപ്പോകുകയാണ്.

പ്രധാന റോഡിൽ നിന്നും ഏകദേശം 7 കിലോമീറ്റർ നീളമുള്ള ആദിവാസി മേഖലയെ ബന്ധിപ്പിക്കുന്ന ടാർ ചെയ്യാത്ത റോഡ് മോശം അവസ്ഥയിലാണ്. പട്ടികജാതി വികസന പാക്കേജിൽ ഉൾപ്പെടുത്തി ഒരുകോടി 47 ലക്ഷം രൂപ അനുവദിച്ച് റോഡ് നവീകരണം നടത്തുമെന്ന പ്രഖ്യാപനം ജലരേഖയായി മാറിയിട്ട് വർഷങ്ങളായി. ഈ മേഖലയിൽ താമസിക്കുന്ന കുടുംബങ്ങളുടെ പ്രധാന ആവശ്യം സ്ട്രീറ്റ് ലൈറ്റ് കൂടിയാണ്. ആന, കരടി, പന്നി, കാട്ടുപോത്ത് തുടങ്ങിയവയുടെ വിഹാരകേന്ദ്രം കൂടിയാണ് ഇവിടം. സന്ധ്യ മയങ്ങിയാൽ സ്കൂൾ കുട്ടികൾ ഉൾപ്പെടെ ഭീതിയോടെയാണ് സഞ്ചരിക്കുന്നത്. വന്യജീവി ആക്രമണങ്ങളിൽ പെട്ടവരും നിരവധിയാണ്.

ഞാറനീലി ആദിവാസി ഊരിൽ 2017 ആഗസ്റ്റ് 31ന് വീണയെന്ന കോളേജ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ മാദ്ധ്യമങ്ങളിൽ വലിയ വാർത്തയാവുകയും നിയമസഭയിൽ പ്രതിപക്ഷം ഉന്നയിക്കുകയും ചെയ്തിരുന്നു. അന്ന് നിയമസഭയും മന്ത്രിമാരും ഭരണനേതൃത്വവും ദുഃഖം രേഖപ്പെടുത്തുകയും അന്നത്തെ പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമവകുപ്പ് മന്ത്രി എം.കെ.ബാലൻ ഊര് സന്ദർശിച്ച് പ്രഖ്യാപനങ്ങൾ നടത്തുകയും ചെയ്തിരുന്നു. എന്നാൽ അവയെല്ലാം പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങി.

വെളിച്ചമെത്താതെ

80 ഓളം കുടുംബങ്ങൾ താമസിക്കുന്ന ഊരിലേക്കുള്ള വഴികളിൽ സ്ട്രീറ്റ് ലൈറ്റുകൾ ഇല്ല. ഇലഞ്ചിയം സെറ്റിൽമെന്റിലെ തേവരത്തുകാവ് മേഖലകളിൽ ആന,കാട്ടുപോത്ത് ശല്യവും രൂക്ഷമാണ്. പട്ടികവർഗ്ഗ പ്രമോട്ടർമാർ അയക്കുന്ന വിവിധ പദ്ധതികളുടെ ഗുണഭോക്തൃ പട്ടികയിൽ എല്ലാവർക്കും ഗുണഫലം ലഭിക്കുന്നില്ല. തൊഴിലില്ലായ്മയും ആദിവാസികളെ സാരമായി ബാധിച്ചിട്ടുണ്ട്. പത്താം ക്ലാസിനപ്പുറം വിദ്യാഭ്യാസം നേടുന്നവർ അധികമില്ല. പല വിദ്യാർത്ഥികൾക്കും സ്കൂളിലെത്താൻ കിലോമീറ്റർ നടക്കണം. കൂടുതൽ റോഡുകളും പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്.

ലഹരി ഉപയോഗവും ആത്മഹത്യയും

ആത്മഹത്യയുടെ എണ്ണലും ഞെട്ടിപ്പിക്കുന്നതാണ്. പ്രധാന വില്ലനാകുന്നത് ലഹരി ഉപയോഗമാണ്. പാലോട്ട് എക്സൈസ് റേഞ്ച് ഓഫീസും ലഹരിവിമുക്ത കേന്ദ്രവും സ്ഥാപിക്കുമെന്നായിരുന്നു ഊരുനിവാസികൾക്ക് അന്ന് മന്ത്രിയായിരുന്ന എ.കെ.ബാലന്റെ വാഗ്ദാനം.ഊരുകളിലെ ലഹരി ഉപയോഗം നിയന്ത്രിക്കുമെന്നു പറഞ്ഞിരുന്നെങ്കിലും നടപ്പായില്ലെന്നു മാത്രമല്ല ലഹരി ഉപയോഗത്താലുള്ള ആത്മഹത്യാനിരക്ക് കൂടുകയും ചെയ്തു.

പെരിങ്ങമ്മല പഞ്ചായത്തിലെ പട്ടികജാതി-വർഗ വിഭാഗക്കാരുടെ ആത്മഹത്യ 2012മുതൽ 2024വരെ ആത്മഹത്യ ചെയ്തവർ 183 പേരാണ്.

പട്ടികജാതിക്കാർ-46

പട്ടികവർഗക്കാർ 127