തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷൻ ജീവനക്കാർക്ക് ഇക്കുറി ഓണത്തിന് റെക്കാഡ് ബോണസ്. പെർഫോമൻസ് അലവൻസും ബോണസും ചേർത്ത് 1,02,500 രൂപ. സ്ഥിരം ജീവനക്കാരായ 4000ത്തിലധികം പേർക്കാണ് ഇതു ലഭിക്കുക. മന്ത്രി എം.ബി.രാജേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
അതേസമയം, ബെവ്കോ ഷോപ്പുകളിലെ അടക്കം താത്കാലികക്കാരായ ക്ളീനിംഗ് സ്റ്റാഫിനും സെക്യൂരിറ്റി സ്റ്റാഫിനും ഇത് കിട്ടില്ല. ക്ളീനിംഗ് സ്റ്റാഫിനും എംപ്ളോയ്മെന്റ് സ്റ്റാഫിനും 6000 രൂപയും ഹെഡ് ഓഫീസ്, വെയർഹൗസ് സെക്യൂരിറ്റി സ്റ്റാഫിന് 12,500 രൂപയുമാണ് ബോണസ്. സ്ഥിരം ജീവനക്കാർക്ക് അഡ്വാൻസായി 45,000 രൂപയും നൽകും. ഇത് ഏഴു ഗഡുക്കളായി തിരിച്ചടയ്ക്കണം. സ്ഥിരം ജീവനക്കാർക്ക് കഴിഞ്ഞ വർഷം 95,000 രൂപയും അതിനു മുമ്പത്തെ വർഷം 90,000 രൂപയുമായിരുന്നു ബോണസ്.