തിരുവനന്തപുരം: പുനർനിർമ്മാണം നടക്കുന്ന ചുള്ളിമാനൂർ - പൊന്മുടി റോഡിൽ തൊളിക്കോട് ജംഗ്ഷനിൽ മഴവെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. റോഡ് നിരപ്പിൽ നിന്നുയർന്ന് നിൽക്കുന്ന ഓടയുടെ ഭിത്തി തുരന്ന് വെള്ളം കലുങ്കിലേക്ക് ഒഴുക്കിവിടണമെന്ന് കമ്മിഷൻ നിർദ്ദേശിച്ചു. കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട് എക്സിക്യൂട്ടീവ് എൻജിനിയർക്കും തൊളിക്കോട് പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനിയർക്കുമാണ് കമ്മിഷൻ നിർദ്ദേശം നൽകിയത്.
റോഡ് നിർമ്മാണത്തിലെ അപാകത കാരണം ചെറിയ മഴയത്തുപോലും തൊളിക്കോട് ജംഗ്ഷനിൽ വെള്ളക്കെട്ട് ഉണ്ടാക്കുന്നതായി ചൂണ്ടിക്കാട്ടിയുള്ള തൊളിക്കോട് സ്വദേശി പി.എം.ഇസ്മായിലിന്റെ പരാതിയിലാണ് ഉത്തരവ്. കടകളിലും വീടുകളിലും സുഗമമായി പ്രവേശിക്കുന്നതിന് റാമ്പും പടിക്കെട്ടും സ്ഥാപിക്കാൻ 1.10 കോടിയുടെ പദ്ധതിക്ക് അംഗീകാരം നൽകിയിട്ടുണ്ടെന്ന് കെ.എസ്.ടി.പി എക്സിക്യൂട്ടീവ് എൻജിനിയർ കമ്മിഷനെ അറിയിച്ചു.