പാറശാല: കരമന-കളിയിക്കാവിള റോഡിന്റെ ബാലരാമപുരം വരെയുള്ള ഭാഗം നാലുവരിപ്പാതയായി മാറ്റിയെങ്കിലും ബാലരാമപുരം മുതൽ കളിയിക്കാവിള വരെയുള്ള ഭാഗത്തെ ഗതാഗത തിരക്കുകൾക്ക് ഇന്നുവരെ പരിഹാരായിട്ടില്ല. ബാലരാമപുരത്തെ റോഡ് വികസനം പൂർത്തിയായാൽത്തന്നെയും നെയ്യാറ്റിൻകര ടി.ബി ജംഗ്‌ഷൻ, ആലുംമൂട് ജംഗ്‌ഷൻ, ഉദിയൻകുളങ്ങര ജംഗ്‌ഷൻ, പാറശാല ആശുപത്രി ജംഗ്‌ഷൻ, പോസ്റ്റ് ഓഫീസ് ജംഗ്‌ഷൻ എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകണമെങ്കിൽ കാത്തിരുന്നേ മതിയാവൂ. പഴയ രാജപാത എന്നറിയപ്പെട്ടുന്ന ദേശീയപാതയെ സ്റ്റേറ്റ് ഹൈവേയായി മാറ്റിയെങ്കിലും ഈ റോഡിലെ ഗതാഗതക്കുരുക്കുകളിൽ പെടാതിരിക്കാൻ ചരക്ക് വാഹനങ്ങൾ ഉൾപ്പെടെ പലരും ആശ്രയിക്കുന്നത് ബൈപ്പാസ് റോഡിനെയാണ്.

ലഹരിമാഫിയ സംഘങ്ങളും

സന്ധ്യ കഴിഞ്ഞാൽ ബൈപ്പാസ് റോഡ് ലഹരിമാഫിയ സംഘങ്ങളുടെയും മദ്യപാനികളുടെയും താവളമായി മാറും.

അപകടങ്ങളില്ലാതാക്കാൻ

പദ്ധതികളില്ല

17 കിലോ മീറ്ററോളം വരുന്ന കഴക്കൂട്ടം-കാരോട് ബൈപാസ് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി വാഹന ഗതാഗതത്തിനായി തുറന്ന് കൊടുത്തെങ്കിലും അപകടങ്ങൾ ഒഴിവാക്കാനുള്ള പദ്ധതികൾ യാതൊന്നും നടപ്പിലാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ ബൈപ്പാസ് റോഡ് അപകടങ്ങളുടെ താവളമായി മാറിയിട്ടുണ്ട്.

വെളിച്ചമില്ല, ദിശാബോർഡുകളില്ല,

റിഫ്ളക്ടറുകളില്ല, സിഗ്നൽ ലൈറ്റുകളില്ല

ആറുവരിപ്പാതയായ ബൈപ്പാസ് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിട്ട് മൂന്ന് വർഷങ്ങൾ പിന്നിട്ടു. പ്രധാന ചില ജംഗ്‌ഷനുകളിൽ ഒഴികെ മറ്റൊരിടത്തും തെരുവ് വിളക്കുകളോ, സൈൻ ബോർഡുകളോ മറ്റ് ദിശാബോർഡുകളോ, സിഗ്നൽ ലൈറ്റുകളോ, സ്പീഡ് ബ്രേക്കറുകളോ, റിഫ്ളക്ടറുകളോ, ആവശ്യത്തിന് സീബ്രാ ലൈനുകളോ സ്ഥാപിച്ചട്ടില്ല. സന്ധ്യ കഴിഞ്ഞാൽ ഇരുളിലാവുന്ന പാതയിൽ അമിതവേഗത്തിൽ എത്തുന്ന വാഹങ്ങൾക്ക് കാൽനടക്കാരെപ്പോലും തിരിച്ചറിയാൻ കഴിയാത്തതുകാരണം പലരുടെയും ജീവൻ പൊലിയുന്നതിന് കാരണമായിട്ടുണ്ട്.

നടപടി വേണം
ബൈപ്പാസ് റോഡിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതോടൊപ്പം ആവശ്യമായ സൈൻബോർഡുകളും ദിശാബോർഡുകളും സിഗ്നൽ ലൈറ്റുകളും കാൽനടയാത്രക്കാർക്കായുള്ള സീബ്രാലൈനുകളുൾപ്പെടെ സ്ഥാപിക്കാൻ ബന്ധപ്പെട്ട നാഷണൽ ഹൈവേ അധികാരികൾ നടപടി സ്വീകരിക്കണമെന്നാണ് വാഹന യാത്രക്കാർ ഒന്നടങ്കം പറയുന്നത്.