കല്ലറ: നീണ്ട കാത്തിരിപ്പിനൊടുവിൽ നവീകരണം ആരംഭിച്ച കല്ലറ-തൊളിക്കുഴി റോഡിന്റെ പണി പൂർത്തിയാകുന്നു. ബി.എം ആൻഡ് ബി.സി നിലവാരത്തിൽ പണിയേണ്ട റോഡിന്റെ ആദ്യഘട്ട ടാറിംഗ് പൂർത്തിയാക്കി രണ്ട് മാസം കഴിഞ്ഞിട്ടും തുടർപ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നില്ല. ഇതിൽ പലയിടങ്ങളിലും മെറ്റലും ടാറുമിളകി കുഴികൾ വീണുതുടങ്ങി. റോഡിൽ സ്ഥിതിചെയ്യുന്ന പാലങ്ങളിൽ സംരക്ഷണ ഭിത്തിയും സ്ഥാപിച്ചിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടി കേരള കൗമുദി വാർത്ത നൽകിയതിനെ തുടർന്ന് രണ്ടാംഘട്ട പ്രവർത്തനം ആരംഭിച്ചു. വർഷങ്ങൾക്കു ശേഷമാണ് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ടെൻഡർ നടപടികൾ പൂർത്തിയായിട്ടും കാലങ്ങൾ കഴിഞ്ഞാണ് പണി ആരംഭിച്ചിരുന്നത്.
ടെൻഡർ നടപടികൾ പൂർത്തിയാക്കി
തിരുവനന്തപുരം - കൊല്ലം ജില്ലകളെ ബന്ധിപ്പിക്കുന്ന റോഡുകളിൽ ഒന്നാണ് തൊളിക്കുഴി- കല്ലറ റോഡ്. ചുറ്റുമുള്ള ചെറുറോഡുകൾ ആധുനിക രീതിയിൽ പുനർനിർമ്മിക്കപ്പെട്ടപ്പോഴും കല്ലറ പള്ളിമുക്ക് മുതൽ തൊളിക്കുഴി വരെയുള്ള 5 കിലോമീറ്റർ റോഡിനെ കാലങ്ങളായി അധികൃതർ മറന്നമട്ടായിരുന്നു. ഇപ്പോൾ ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി നെടുമങ്ങാട് സെക്ഷനിൽ വെഞ്ഞാറമൂട് എ.ഇക്ക് കീഴിലുള്ള റോഡിന് സർക്കാർ 5 കോടി രൂപ അനുവദിക്കുകയും ടെൻഡർ നടപടികൾ പൂർത്തിയാക്കുകയുമായിരുന്നു.
റോഡിൽ അഗാധഗർത്തങ്ങൾ
ജില്ലയിലെ ആറ്റിങ്ങൽ,വാമനപുരം മണ്ഡലങ്ങളും കൊല്ലം ജില്ലയിലെ ചടയമംഗലം നിയോജക മണ്ഡലവും ഉൾപ്പെടുന്ന റോഡാണിത്. നാൽപ്പത് വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച റോഡിൽ പത്ത് വർഷങ്ങൾക്ക് മുമ്പാണ് റീടാറിംഗ് ചെയ്തിട്ടുള്ളത്. ഓടനിർമ്മാണം നടത്തിയിട്ടില്ലാത്തതിനാൽ റോഡിന്റെ ഇരുവശങ്ങളിലും മഴവെള്ളമൊഴുകി അഗാധഗർത്തങ്ങൾ രൂപപ്പെട്ടിരുന്നു. വാഹനങ്ങൾ ദിവസേന അപകടത്തിൽപ്പെടുന്നതും പതിവായിരുന്നു. റോഡിന്റെ ശോച്യാവസ്ഥ കാരണം പല സർവീസ് ബസുകളും ഓടാത്ത അവസ്ഥയുമുണ്ട്. കിളിമാനൂർ, കടയ്ക്കൽ ഭാഗങ്ങളിൽ നിന്ന് കല്ലറയിലെത്തുന്നതിന് യാത്രക്കാർ കൂടുതലായി ഉപയോഗിക്കുന്നതും ഈ റോഡിനെയാണ്. മീൻമൂട്ടി,പൊൻമുടി ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് എളുപ്പത്തിൽ പോകുന്നതിനും യാത്രക്കാർ ഈ റോഡിനെയാണ് ആശ്രയിക്കുന്നത്.