ajith

തിരുവനന്തപുരം: അനധികൃത സ്വത്തു സമ്പാദനക്കേസിൽ എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരേ വിജിലൻസ് കോടതിയുടെ നേരിട്ടുള്ള അന്വേഷണമോ കേസെടുക്കലോ പാടില്ലെന്ന ആവശ്യവുമായി സർക്കാർ ഹൈക്കോടതിയെ സമീപിക്കും.

അഴിമതിനിരോധന നിയമത്തിലെ ഭേദഗതിപ്രകാരം കേസിനും വിചാരണയ്ക്കുമെല്ലാം സർക്കാർ അനുമതിയുണ്ടാവണം. കോടതിക്ക് നേരിട്ട് കേസെടുക്കാനോ അന്വേഷണത്തിനോ കഴിയില്ലെന്ന് നിയമോപദേശം സഹിതം വിജിലൻസ്, സർക്കാരിന് റിപ്പോർട്ട് നൽകി. കേസെടുക്കാൻ തക്കവിധമുള്ള ഗുരുതരകുറ്റകൃത്യങ്ങൾ കോടതി കണ്ടെയിട്ടുണ്ടെന്ന് അജിത്തിന് വിജിലൻസ് നൽകിയ ക്ലീൻചിറ്റ് തള്ളിയ കോടതി ഉത്തരവിലുണ്ട്. 30ന് കോടതി നേരിട്ട് പരാതിക്കാരനായ നെയ്യാറ്റിൻകര നാഗരാജിൽനിന്ന് മൊഴിയെടുക്കുന്നുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കോടതി കേസെടുക്കാനുള്ള സാദ്ധ്യത മുന്നിൽക്കണ്ടാണ് സർക്കാരിന്റെ നീക്കം.

മുഖ്യമന്ത്രി അന്വേഷണത്തിൽ ഇടപെട്ടെന്ന് കോടതി തെറ്റായി വ്യാഖ്യാനിച്ചതാണെന്നാണ് വിജിലൻസിന്റെ റിപ്പോർട്ടിലുള്ളത്. അജിത്തിനെതിരായ അന്വേഷണത്തിന് ഉത്തരവിട്ടത് മുഖ്യമന്ത്രിയായതിനാലാണ് അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്കയച്ചത്. ഇതംഗീകരിച്ചെന്നല്ലാതെ അന്വേഷണ ഘട്ടത്തിൽ മുഖ്യമന്ത്രി ഇടപെട്ടിട്ടില്ല. അന്വേഷണം അവസാനിപ്പിക്കാൻ മുഖ്യമന്ത്രി അനുമതി നൽകിയത് സാധാരണ നടപടിയാണ്. എന്നാൽ അന്വേഷണത്തിൽ മുഖ്യമന്ത്രിക്ക് ഇടപെടാനാവില്ലെന്നും അത് നീതിയല്ലെന്നുമാണ് കോടതി വിലയിരുത്തിയത്. മുഖ്യമന്ത്രി വ്യക്തിപരമായല്ല അന്വേഷണ റിപ്പോർട്ട് അംഗീകരിച്ചതെന്നും, എ.ഡി.ജി.പിക്കെതിരായ അന്വേഷണ റിപ്പോർട്ടായതിനാൽ വകുപ്പ് സെക്രട്ടറിമാർ മുഖ്യമന്ത്രിക്ക് കൈമാറുകയായിരുന്നെന്നും വിജിലൻസ് വ്യക്തമാക്കുന്നു.

ഇനിയുള്ള വഴി

പുനരന്വേഷണം

പരാതിക്കാരന്റെ മൊഴിയെടുത്ത ശേഷം പുനരന്വേഷണത്തിന് വിജിലൻസ് കോടതിക്ക് ഉത്തരവിടാം. അജിത്തിനെതിരായ ആദ്യ അന്വേഷണത്തിന് സർക്കാർ അനുമതിയുള്ളതിനാൽ പുനരന്വേഷണത്തിന് വീണ്ടും അനുമതി ആവശ്യമില്ല.

അജിത്തിന്റെയും കുടുംബാംഗങ്ങളുടെയും അക്കൗണ്ടുകളും പണമിടപാടുകളും ഭൂരേഖകളും പരിശോധിക്കാതെയാണ് ക്ലീൻചിറ്റെന്നാണ് കോടതി കണ്ടെത്തിയത്. പുനരന്വേഷണത്തിൽ തെളിവുകളും രേഖകളും ശേഖരിക്കാനാവും.

പുനരന്വേഷണത്തിലും അജിത്തിന് ക്ലീൻചിറ്റ് നൽകാനുള്ള അവസരമുള്ളതിനാൽ ഉന്നത വിജിലൻസ് ഉദ്യോഗസ്ഥരുടെ പുനരന്വേഷണത്തെ സർക്കാരും വിജിലൻസും കോടതിയിൽ എതിർക്കില്ല.

ചൂണ്ടിക്കാട്ടുക

എബ്രഹാം കേസ്

വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം.എബ്രഹാമിനെതിരായ പരാതിയിൽ ഹൈക്കോടതി ഉത്തരവിട്ട സി.ബി.ഐ അന്വേഷണം സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. അഴിമതിനിരോധന നിയമപ്രകാരം പൊതുസേവകനെതിരേ അന്വേഷണം നടത്തണമെങ്കിൽ സർക്കാരിന്റെ അനുമതി വേണമെന്നും അതില്ലാതെയാണ് സി.ബി.ഐ അന്വേഷണത്തിനുള്ള ഉത്തരവെന്നും ചൂണ്ടിക്കാട്ടിയാണ് സ്റ്റേ അനുവദിച്ചത്.