തിരുവനന്തപുരം: വൈദ്യുതി സ്വയം ഉൽപാദിപ്പിച്ച് ഉപയോഗിച്ചാലും കെ.എസ്.ഇ.ബിക്ക് ഫിക്സഡ് ചാർജ്ജ് കൊടുക്കേണ്ടിവരുന്നത് അവസാനിപ്പിക്കണമെന്ന് പുരപ്പുറ സോളാർ ഉടമകൾ വൈദ്യുതിറെഗുലേറ്ററി കമ്മിഷന് പരാതി നൽകി. പരാതിയിൽ 27ന് തെളിവെടുപ്പ് നടത്തുമെന്ന് കമ്മിഷൻ അറിയിച്ചു. നോക്കുകൂലിക്ക് സമാനമായ പിടിച്ചുപറിക്കെതിരെ ആറ് സോളാർ ഉടമകളാണ് കമ്മിഷന് പരാതി നൽകിയത്.
കെ.എസ്.ഇ.ബിയുടെ വൈദ്യുതി ഉപയോഗിക്കാത്തവരിൽ നിന്ന് സെക്യുരിറ്റി ഡെപ്പോസിറ്റായി വലിയൊരു തുക വാങ്ങുന്നതിനെയും പരാതിയിൽ എതിർത്തിട്ടുണ്ട്. വൈദ്യുതി ഉപയോഗിക്കുന്നതിന് ആനുപാതികമായി മാത്രം സെക്യുരിറ്റി ഡെപ്പോസിറ്റ് ഈടാക്കണം. അധികമുള്ള ഡെപ്പോസിറ്റ് തിരിച്ച് കൊടുക്കാൻ നിർദ്ദേശിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതും കമ്മിഷൻ പരിഗണിക്കും.