തിരുവനന്തപുരം: തലസ്ഥാനത്തെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയായ തൈക്കാട് ആശുപത്രിയിൽ, അമ്മമാരും കുഞ്ഞുങ്ങളും കുടിവെള്ളമില്ലാതെ വലഞ്ഞത് മൂന്ന് ദിവസം. അഞ്ച്,ആറ് വാർഡുകളിലും ഓപ്പറേഷൻ തിയേറ്റർ,ലേബർ റൂം,പോസ്റ്റ് ഓപ്പറേറ്രീവ് റൂം എന്നിവിടങ്ങളിലും പേരിനുപോലും വെള്ളമുണ്ടായിരുന്നില്ല.
വെള്ളയമ്പലം - ശാസ്തമംഗലം റോഡിൽ 700 എം.എം പൈപ്പിലുണ്ടായ ചോർച്ചയെ തുടർന്നാണ് പ്രതിസന്ധിയുണ്ടായത്.
പെട്ടെന്ന് വെള്ളം കിട്ടാതായതോടെ ആശുപത്രി അധികൃതർ വാട്ടർ അതോറിട്ടി അധികൃതരെ കാര്യമറിയിച്ചു. തുടർന്ന് ടാങ്കർ ലോറിയിൽ വെള്ളമെത്തിച്ചെങ്കിലും ആശുപത്രിയുടെ മൊത്തത്തിലുള്ള പ്രശ്നത്തിന് പരിഹാരമായില്ല.
മേട്ടുക്കട റോഡ് ഡ്രെയിനേജ് പണികൾക്കായി പൊളിച്ചിട്ടിരുന്നതിനാൽ മറ്റ് റോഡുകൾ വഴിയാണ് ടാങ്കർ ലോറികളിൽ വെള്ളമെത്തിച്ചത്.ഇത് ടോയ്‌ലെറ്റ് ആവശ്യങ്ങൾക്കോ കുട്ടികളുടെ തുണികൾ കഴുകുന്നതിനോ പര്യാപ്തമായില്ല.ഗർഭിണികളെ കിടത്തിയിരുന്ന അഞ്ച്,ആറ് വാർഡുകളിലുള്ളവർ കഴിഞ്ഞ രണ്ട് ദിവസം വല്ലാതെ ബുദ്ധിമുട്ടി. ഓപ്പറേഷൻ തിയേറ്റർ ഉൾപ്പെടെയുള്ളവ സ്ഥിതിചെയ്യുന്ന പഴയ കെട്ടിടത്തിൽ വെള്ളം പൂർണമായും നിലച്ചിരുന്നു.
വെള്ളയമ്പലത്തെ പ്രശ്നം ബുധനാഴ്ച തന്നെ പരിഹരിച്ചെങ്കിലും ഇന്നലെ ഉച്ചയോടെയാണ് ആശുപത്രിയിൽ വെള്ളമെത്തിയത്. കാലപ്പഴക്കം ചെന്ന പൈപ്പുകൾ മാറ്റി സ്ഥാപിക്കാത്തതാണ് പ്രശ്നത്തിനിടയാക്കുന്നതെന്ന് രോഗികളും കൂട്ടിരിപ്പുകാരും പറയുന്നു.
400ലധികം സ്ത്രീകളും 100ലധികം കുട്ടികളും ദിനംപ്രതി ചികിത്സയ്ക്കെത്തുന്ന ആശുപത്രിയാണിത്. മേട്ടുക്കട റോഡ് പണിയെ തുടർന്ന് റോഡ് വെട്ടിപ്പൊളിച്ചപ്പോൾ പൈപ്പ് പൊട്ടിയതിനെ തുടർന്ന് ആശുപത്രിയിൽ വെള്ളമില്ലാതായത് വിവാദമായിരുന്നു. ഇത് ഇപ്പോൾ സ്ഥിരം സംഭവമാണെന്നും രോഗികളുടെ കൂട്ടിരിപ്പുകാർ പറയുന്നു.
ആശുപത്രിയിൽ വെള്ളമില്ലാതായ സംഭവം രഹസ്യമാക്കിവയ്ക്കാൻ അധികൃതർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നതായും സൂചനയുണ്ട്. ഇക്കാര്യത്തിൽ ആശുപത്രി സൂപ്രണ്ടിന്റെ പ്രതികരണം തേടിയെങ്കിലും അദ്ദേഹം പ്രതികരിക്കാൻ തയ്യാറായില്ല.