തിരുവനന്തപുരം: കോട്ടണിൽ തിളങ്ങിയ കേരള സാരികളെ പിന്നിലാക്കി തിളക്കത്തിന്റെ തിരയുമായി ടിഷ്യുസാരികളും ഓണവിപണിയിലുണ്ട്. വർഷങ്ങളായി വിപണിയിലെ സ്ഥിരം സാന്നിദ്ധ്യമാണെങ്കിലും പ്രിന്റിലും പകിട്ടിലും മാറ്റുകൂട്ടി ഓരോ ഓണത്തിനും ടിഷ്യു സാരികളെത്തുന്നു.
ഹാൻഡ്ലൂമിലും പവർലൂമിലും കോട്ടൺ കസവ് സാരികളാണ് കുറച്ചുവർഷം മുൻപുവരെ മലയാളി മങ്കമാരും പെൺകൊടികളും ഓണത്തിന് ഉടുത്തിരുന്നത്. അവിടേക്കാണ് മാറ്റത്തിന്റെ മിന്നലാട്ടവുമായി ടിഷ്യുസാരികളുടെ വരവ്. യുവതികളും കൗമാരപ്രായക്കാരുമാണ് ആരാധകരിലേറെയെങ്കിലും പ്രായഭേദമന്യേ ടിഷ്യു സാരികൾ ഉടുക്കുന്നു. കരകളിലെ കസവിനൊപ്പം കഥകളി, നെറ്റിപ്പട്ടം, ജിമിക്കി, കൃഷ്ണരൂപം, മയിൽപ്പീലി, ഓടക്കുഴൽ, വിവിധതരം പൂക്കൾ എന്നിവയാണ് സാധാരണ ടിഷ്യു സാരികളിലെ ഡിസൈനുകൾ. മ്യൂറൽ പെയിന്റിംഗുകളും ടിഷ്യു സാരികളിലുണ്ട്. 600 മുതൽ 20000 രൂപ വരെയാണ് ശരാശരി ടിഷ്യു കേരള സാരികളുടെ വില. ഡിസൈൻ നൽകി സാരികൾ നെയ്ത് വാങ്ങുന്നവരുമുണ്ട്. പോൾക്കാ ഡോട്ടുകളാണ് ധാരാളം ആരാധകരെ സമ്പാദിച്ച മറ്റൊരിനം. കോട്ടണിലും പോൾക്കാ ഡോട്ടുകൾ ലഭിക്കാറുണ്ട്.
കസവിനൊപ്പം
കലംകാരി ഡിസൈനും
കസവിനൊപ്പം ബോഡി മുഴുവൻ നിറയുന്ന കലംകാരി ഡിസൈനുകൾ ടിഷ്യു സാരികളിലെ പുതിയ ട്രെൻഡാണ്. 1500 രൂപ നിരക്കിൽ നല്ല ക്വാളിറ്റിയിൽ ടിഷ്യു കലംകാരി സാരികൾ ലഭിക്കും. കേരളസാരിയുടെ ക്രീം നിറത്തെ മറികടന്ന് കസവിനൊപ്പം വിവിധനിറങ്ങളിലും ടിഷ്യു സാരികൾ ലഭിക്കും. മൾട്ടി കളറിനും ആവശ്യക്കാരേറെയാണ്.
ചെറുപ്പക്കാരിലേറെയും ഇത്തരം സാരികൾ വാങ്ങുന്നത് ഓൺലൈനായാണ്. ഇൻസ്റ്റഗ്രാം പേജുകൾ വഴിയും വെബ്സൈറ്റുകൾ വഴിയും ഓണം വിപണി ലക്ഷ്യമാക്കി വലിയ ബിസിനസാണ് നടക്കുന്നത്.