ശംഖുംമുഖം: കടത്തൽ സ്വർണമുണ്ടെന്ന് കരുതി യാത്രക്കാരനെ മർദ്ദിച്ച കേസിൽ നാലുപേർ പിടിയിൽ. വള്ളക്കടവ് സ്വദേശികളായ സനീർ,സിയാദ്,മാഹീൻ,ഹക്കീം എന്നിവരാണ് പിടിയിലായത്.തൃശൂർ സ്വദേശിയായ വിനൂപും ഭാര്യയും കഴിഞ്ഞ ദിവസം ദുബായിൽ നിന്ന് തിരുവനന്തപുരത്തെത്തിയിരുന്നു. വിനൂപ് കസ്റ്റംസ് പരിശോധനകൾ കഴിഞ്ഞ് ടെർമിനലിന് പുറത്തിറങ്ങി. ഈ സമയത്ത് നാലംഗസംഘം ഇയാളെ പാർക്കിംഗ് ഏരിയായിലേക്ക് വിളിച്ചുകൊണ്ടുപോയി, വിദേശത്തുനിന്ന് തന്നുവിട്ട സ്വർണം എവിടെയെന്ന് ചോദിച്ചു.ഇയാൾ ഇല്ലെന്ന് പറഞ്ഞപ്പോൾ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ടെർമിനലിൽ നിന്ന് പുറത്തേക്കുവന്ന വിനൂപിന്റെ ഭാര്യ ഇതുകണ്ട് നിലവിളിച്ചതിനെ തുടർന്ന് വിമാനത്താവളത്തിലെ ജീവനക്കാർ ഓടിയെത്തി.ഇതിനിടെ വിനൂപിന്റെ കൈയിലുണ്ടായിരുന്ന വില കൂടിയ മൊബെൽ ഫോണും തട്ടിപ്പറിച്ച് സംഘം സ്ഥലംവിട്ടു.തുടർന്ന് വിനൂപും ഭാര്യയും നൽകിയ പരാതിയിൽ വലിയതുറ പൊലീസ് നൽകിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
വിനൂപ് സ്വർണക്കടത്ത് സംഘത്തിന്റെ കാരിയറാണെന്നാണ് പൊലീസ് നൽകുന്ന വിവരം. തിരുവനന്തപുരം വിമാനത്തിൽ ഇതിന് മുൻപ് പല പ്രാവശ്യം ഇതിന് സമാനസംഭവങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ ടെർമിനിലിന് മുന്നിൽ യാത്രക്കാർക്ക് ആവശ്യമായ സുരക്ഷയൊരുക്കാൻ അധികൃതർക്ക് കഴിയുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.