തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിലെത്തിയ രോഗിയെ ആശുപ്രതി ഐ.സി.യുവിൽ എത്തിക്കാൻ ആംബുലൻസ് ഓടിച്ച് ആർ.എം.ഒ ഡോ.ജയകുമാർ.വ്യാഴാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം.എ.കെ.ജി സെന്ററിലെ ജീവനക്കാരിയുടെ ഭർത്താവിനെ നെഞ്ചുവേദനയുമായി ജനറൽ ആശുപത്രിയിലെത്തിച്ചു. ഇ.സി.ജി രക്തപരിശോധനകളിൽ ഗുരുതരമായ വ്യതിയാനം കണ്ടതോടെ അടിയന്തരമായി ഐ.സി.യുവിലേക്ക് മാറ്റാൻ തീരുമാനിച്ചു.

ആശുപ്രതി ആംബുലൻസുകൾ മറ്റു രോഗികളുമായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോയിരുന്നതിനാൽ പുറത്ത് നിന്ന് 108 വിളിക്കാൻ ആലോചനയായി.ഇതിനിടയിൽ രോഗിയുടെ അവസ്ഥ ഗുരുതരമാകുമെന്ന് കണ്ടതോടെയാണ് ആർ.എം.ഒ രക്ഷകനായത്. ആശുപത്രി 9ാം വാർഡിൽ ഒരു സന്നദ്ധ സംഘടന നൽകിയ ആംബുലൻസ് കിടപ്പുണ്ടായിരുന്നു. ഇതിന് ഡ്രൈവറെ നിയമിച്ചിട്ടില്ല. ഈ ആംബുലൻസുമായി ഉടൻ ആർ.എം.ഒ ജയകുമാർ അത്യാഹിത വിഭാഗത്തിന് മുന്നിലേക്കെത്തി രോഗിയെ കയറ്റി. ആശുപത്രിക്ക് അകത്തുള്ള ഐ.സി.യുവിലേക്ക് വാഹനം പാഞ്ഞു.വളരെ പെട്ടെന്ന് തന്നെ രോഗിയെ അടിയന്തര സഹായം വേണ്ട ഐസിയുവിലേക്ക് മാറ്റാൻ ആർ.എം.ഒയുടെ ഇടപെടൽ കൊണ്ടു സാധിച്ചു.മുൻ കൗൺസിലർ ഐ.പി.ബിനുവിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്. എ.കെ.ജി സെന്റർ ഓഫീസ് സെക്രട്ടറി ബിജു കണ്ടക്ക വിവരമറിയിച്ചതിന് തുടർന്ന് ആശുപ്രതിയിലെത്തിയതായിരുന്നു ബിനു.