ആറ്റിങ്ങൽ: അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ പുറത്തിറക്കുന്ന ഡിജിറ്റൽ ന്യൂസ് ലെറ്റർ പ്രകാശനം ചെയ്തു. ആവണിനാട് എന്ന പേരിൽ എല്ലാ മാസവും പ്രസിദ്ധീകരിക്കാൻ ലക്ഷ്യമിടുന്ന ന്യൂസ് ലെറ്ററിന്റെ പ്രകാശനം ആറ്റിങ്ങൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഡോ.സന്തോഷ് കുമാർ നിർവഹിച്ചു. സ്‌കൂളിലെ മികവാർന്ന പ്രവർത്തനങ്ങൾ ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പൊതു സമൂഹത്തിലെത്തിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കുട്ടികളിൽ മലയാളം കമ്പ്യൂട്ടിംഗും വാർത്താശേഖരണ പാടവവും വളർത്താനുതകുന്ന തരത്തിലാണ് പ്രവർത്തനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. സ്കൂൾ ഹെഡ്മാസ്റ്റർ എസ്.ഷാജികുമാർ അദ്ധ്യക്ഷത വഹിച്ചു. സീനിയർ അദ്ധ്യാപകൻ എൻ.സാബു,സ്റ്റാഫ് സെക്രട്ടറി ആർ.എസ്.ലിജിൻ അദ്ധ്യാപകരായ റെജിമോൾ,എസ്.ഷീന എന്നിവർ പങ്കെടുത്തു.