edava-krishibhavan

വർക്കല: ശാസ്ത്രീയ തെങ്ങുകൃഷിയിലൂടെ സമഗ്രനാളികേര വികസനം ലക്ഷ്യമിട്ട് ഇടവ കൃഷിഭവൻ. ഇടവ പഞ്ചായത്തിന്റെ ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 18 ഹെക്ടർ സ്ഥലത്താണ് നാളികേര വികസന പദ്ധതി നടപ്പാക്കുന്നത്. യന്ത്രം ഉപയോഗിച്ച് തെങ്ങിന്റെ തടം തുറക്കൽ, തുടർന്ന് വളപ്രയോഗവും സംയോജിത കീടനിർമാർജ്ജനവുമാണ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്. ഇടവയിലെ കാർഷിക കർമ്മസേനയുടെ സഹായവും ഇതിനായി ലഭ്യമാകും. തടം തുറക്കുന്ന ട്രാക്ടർ യന്ത്രം ഉൾപ്പെടെ പദ്ധതിക്കായി എട്ടു ലക്ഷം രൂപയാണ് പഞ്ചായത്ത് വകയിരുത്തിയിട്ടുള്ളത്. 2.5 ലക്ഷം രൂപ ചെലവിലാണ് തടം തുറക്കൽ യന്ത്രം കൃഷിഭവൻ സ്വന്തമാക്കിയിരിക്കുന്നത്. കാർഷിക കർമ്മ സേനയാണ് യന്ത്രം ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. യന്ത്രം കൊണ്ട് തടം തുറക്കുന്ന പ്രവർത്തനത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എ.ബാലിക് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ശുഭ.ആർ.എസ്.കുമാർ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഹർഷാദ് സാബു,ബിന്ദു.സി,ശ്രീദേവി.എസ്,ജെസി.ബി,റിയാസ് വഹാബ്,സിമിലിയ. എ,കൃഷി ഓഫീസർ അനശ്വര.ആർ.എസ്,കൃഷി അസിസ്റ്റന്റ് അനീഷ്.എസ്.യേശുദാസൻ എന്നിവരെ കൂടാതെ കാർഷിക കർമ്മ സേന ഭാരവാഹികളും കർഷകരും ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.