തിരുവനന്തപുരം: യു.ജി.സിയുടെ ക്രെഡിറ്റ് ആന്റ് കരിക്കുലംസ്ട്രക്ചർ അനുസരിച്ച് കേരളത്തിൽ നടപ്പാക്കിയ നാലുവർഷ ബിരുദകോഴ്സിനെ യു.ജി.സിതന്നെ പുതിയ മാതൃകാ പാഠ്യപദ്ധതിയിൽ തിരസ്കരിച്ചു.
സയൻസ് മേജർ വിഷയമായും സാഹിത്യവും സംഗീതവും കലയും മൈനർ വിഷയങ്ങളായും പഠിക്കാൻ അവസരം ഒരുക്കിയിരുന്നു.കഴിഞ്ഞവർഷം മുതൽ ഇതു സംസ്ഥാനത്തെ യൂണിവേഴ്സിറ്റികളിൽ നടപ്പാക്കുകയും ചെയ്തു.
മേജർ വിഷയത്തിൽ 50%ക്രെഡിറ്രും ശേഷിക്കുന്നത് വിദ്യാർത്ഥികളുടെ താത്പപര്യപ്രകാരമുള്ള കോഴ്സുകളും നൈപുണ്യപരിശീലനവുമാവാം. എന്നാൽ 95%ക്രെഡിറ്റും മേജർ വിഷയത്തിലാവണമെന്നാണ് യു.ജി.സിയുടെ പുതിയ നിർദ്ദേശം.
വ്യത്യസ്ത വിഷയങ്ങളിലെ മൾട്ടി ഡിസിപ്ലിനറി കോഴ്സുകൾ യു.ജി.സി നിർദ്ദേശിക്കുന്നില്ല.
യു.ജി.സി പാഠ്യപദ്ധതി അന്തിമമാക്കിയാൽ അതിനനുസരിച്ച് മാറ്റങ്ങൾ വരുത്തേണ്ടിവരും. സംസ്ഥാനം എതിർപ്പ് അറിയിക്കും.
നിലവിൽ
അക്കാഡമിക്, കരിയർ അഭിരുചിക്കനുസരിച്ച് പാഠ്യവിഷയങ്ങൾ തിരഞ്ഞെടുത്ത് കോഴ്സ് സ്വയം രൂപകല്പന ചെയ്യാൻ വിദ്യാർത്ഥിക്ക് കഴിയുന്നുണ്ട്.
പ്രവേശനം നേടിയ കോളേജിൽ ഇഷ്ടവിഷയം ലഭിച്ചില്ലെങ്കിൽ രണ്ട് ഇഷ്ടവിഷയങ്ങൾ മറ്റേതെങ്കിലും കോളേജുകളിലോ ഓൺലൈനായോ പഠിക്കാം.
കേരളത്തിൽ ഭാഷാ വിഷയങ്ങൾ മൈനറായി പഠിക്കാൻ അവസരമുണ്ട്. ഇതിനൊപ്പം സ്കിൽ കോഴ്സുകൾ, മൾട്ടി ഡിസിപ്ലിനറി കോഴ്സുകൾ, വാല്യു ആഡഡ് കോഴ്സുകൾ എന്നിവ ഭാഷാ വിഷയങ്ങളിൽ നിന്നെടുക്കാനുള്ള അവസരവുമുണ്ട്. ഇതൊന്നും യു.ജി.സി പരിഗണിച്ചിട്ടില്ല.
ഭാഷാ വിഷയങ്ങൾക്ക് അവഗണന
# നാല് ക്രെഡിറ്റുകൾ വീതമുള്ള രണ്ട് പേപ്പറുകളാണ് യു.ജി.സി നിർദ്ദേശിക്കുന്നത്. ആറ് ക്രെഡിറ്റ് നിർബന്ധമായും ഇംഗ്ലീഷ് വേണമെന്ന നിർദ്ദേശമുണ്ട്. ഇത് ഭാഷാവിഷയങ്ങളുടെ പ്രാധാന്യം കുറയ്ക്കുമെന്നും പഠിപ്പിക്കുന്നവരുടെ തസ്തികകൾ ഇല്ലാതാക്കുമെന്നും ആശങ്കയുണ്ട്.
#ആദ്യ രണ്ടു സെമസ്റ്ററുകളിൽ കോർ വിഷയത്തിൽ നിന്ന് തന്നെ മൂന്ന് പേപ്പറുകൾ വേണം. മൈനർ വിഷയങ്ങളുടെ പേപ്പറുകൾ മൂന്നാം സെമസ്റ്റർ മുതലാണ്. വിദ്യാർത്ഥികൾക്ക് മേജർ സ്വിച്ചിംഗിന് (വിഷയങ്ങൾ മാറ്റിയെടുക്കൽ) അവസരം നഷ്ടമാവും.
# മേജർ വിഷയത്തിൽ മൈനർ കോഴ്സുകളും പഠിക്കുമ്പോൾ സിംഗിൾ മേജർ ഡിഗ്രിമാത്രമാണോ, അതേ വിഷയത്തിന്റെ ഇലക്ടീവിൽ പ്രത്യേകം മൈനർ ഡിഗ്രി ലഭിക്കുമോ എന്ന് വ്യക്തമല്ല.
അടിമുടി ഭാരതീയവൽക്കരണം;
രാമരാജ്യവും സവർക്കറും
ഭാരതീയ തത്വചിന്ത അടിസ്ഥാനമാക്കിയാവണം കോഴ്സുകളുടെ ഉള്ളടക്കമെന്നാണ് യു.ജി.സി നിർദേശം. കോമേഴ്‌സിൽ പുരാതന ഗുരുകുല സമ്പ്രദായം, ഭാരതീയ മൂല്യങ്ങൾ, ധാർമ്മികമായ തീരുമാനമെടുക്കൽ, സുസ്ഥിരമായ ബിസിനസ്സ് രീതികൾ, കൗടില്യന്റെ അർത്ഥശാസ്ത്രം, വ്യാപാര നിയന്ത്രണങ്ങൾ എന്നിവ ഉൾപ്പെടുത്തണം.
'രാമരാജ്യം' (സമത്വ ഭരണം) പോലുള്ള ആശയങ്ങൾ കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്തത്തിന്റെയും സമകാലിക പരിസ്ഥിതി, സാമൂഹിക, ഭരണ ചട്ടക്കൂടുകളുടെയും പശ്ചാത്തലത്തിൽ സിലബസിലുണ്ടാവണം.
ലാഭമുണ്ടാക്കലിനെക്കുറിച്ചുള്ള ചർച്ചകളിൽ 'ശുഭ-ലാഭ്' തത്ത്വചിന്ത ഉൾപ്പെടുത്തണം. അതുവഴി വിദ്യാർത്ഥികൾക്ക് സാമ്പത്തിക വിജയത്തിനും ധാർമ്മിക ഉത്തരവാദിത്തത്തിനും ഇടയിലുള്ള സന്തുലിതാവസ്ഥ മനസ്സിലാക്കുന്നുവെന്ന് ഉറപ്പാക്കണം.
പൊളിറ്റിക്കൽ സയൻസിൽ ഭാരതമെന്ന ആശയം, പാരിസ്ഥിതിക ധാർമ്മികത, വിഭവ സംരക്ഷണം എന്നിവയുണ്ടാവണം. വേദം, ഉപനിഷത്ത്, അർത്ഥശാസ്ത്രം, മഹാഭാരതം തുടങ്ങിയവ ഉൾപ്പെടെയുള്ള ഇന്ത്യൻ വിജ്ഞാന സംവിധാനങ്ങൾ ഉൾപ്പെടുത്തണം. ദീനദയാൽ ഉപാധ്യായ, സവർക്കർ എന്നിവരുടെ ജീവചരിത്രവുമുണ്ടാവണം.