va

വക്കം: സംസ്ഥാനത്ത് സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്ത ഭിന്നശേഷിക്കാര്‍ക്ക് ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ സൗജന്യമായി ഭിന്നശേഷി സൗഹൃദ വീടുകള്‍ നിര്‍മിച്ചു നല്‍കുന്ന മാജിക്ക് ഹോം പദ്ധതിയുടെ ജില്ലയിലെ താക്കോല്‍ദാനം നാളെ രാവിലെ 11ന് നടക്കും. വക്കം അടിവാരത്ത് നടക്കുന്ന ചടങ്ങില്‍ ഡിഫറന്റ് ആര്‍ട് സെന്റര്‍ രക്ഷാധികാരി അടൂര്‍ ഗോപാലകൃഷ്ണന്‍, ചെയര്‍മാൻ ജിജി തോംസണ്‍ ഐ.എ.എസ്, എക്സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് എന്നിവര്‍ വീടിന്റെ താക്കോല്‍ കൈമാറും. ചടങ്ങില്‍ മുഖ്യാതിഥിയായി ഗായകന്‍ ആദിത്യസുരേഷ് പങ്കെടുക്കും. വക്കം സ്വദേശി ചലനപരിമിതയായ ഇന്ദിരയ്ക്കും മകന്‍ ബൗദ്ധിക പരിമിതനായ രാഹുലിനുമാണ് പദ്ധതി പ്രകാരം വീട് ലഭിച്ചത്. പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി വക്കം സ്വദേശി ഷക്കീബില്‍ നിന്ന് സൗജന്യ നിരക്കില്‍ ഡിഫറന്റ് ആര്‍ട് സെന്റര്‍ 3 സെന്റ് ഭൂമി വാങ്ങിയിരുന്നു. 540 ചതുരശ്രഅടിയില്‍ നിര്‍മിച്ചിട്ടുള്ള വീട്ടില്‍ വീല്‍ ചെയര്‍ കടന്നുപോകാനുള്ള റാമ്പ്, ഭിന്നശേഷി സൗഹൃദ ബാത്ത്‌റും തുടങ്ങിയ സൗകര്യങ്ങളാണ് ക്രമീകരിച്ചിട്ടുള്ളത്. ഭിന്നശേഷി സൗഹൃദങ്ങളായ വീടുകള്‍ മാതൃകയാക്കി സമാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് ജീവകാരുണ്യ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും ഇതുപോലെയുള്ള വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ പ്രചോദനമാകുമെന്ന വിശ്വാസത്തിലാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ഗോപിനാഥ് മുതുകാട് പറഞ്ഞു.