തിരുവനന്തപുരം: ശിശുക്ഷേമ സമിതിയിലെ ആറ് കുട്ടികൾ പനി ബാധിച്ചാണ് ആശുപത്രിയിലായതെന്നും കുട്ടികൾക്ക് വേണ്ടത്ര പരിചരണം ലഭിക്കുന്നില്ലെന്ന ആരോപണം വാസ്തവ വിരുദ്ധമാണെന്നും ജനറൽ സെക്രട്ടറി അരുൺ ഗോപി. മാസത്തിലൊരിക്കൽ കുട്ടികൾക്ക് ഡയറ്റീഷ്യന്റെ സേവനം ഉറപ്പാക്കുന്നുണ്ട്. ആറുമാസത്തിൽ കൂടുതൽ പ്രായമുള്ള കുട്ടികൾക്ക് ഭക്ഷണം നൽകുന്നത് ഡയറ്റീഷ്യന്റെ നിർദ്ദേശപ്രകാരമാണ്.
ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ പീഡിയാട്രീഷ്യന്റെ സേവനം ഉറപ്പാക്കുന്നുണ്ട്. മാസത്തിൽ ഒരിക്കൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരും കുട്ടികളെ പരിശോധിക്കുന്നു.ചൊവ്വാഴ്ചകളിൽ രണ്ട് പീഡിയാട്രീഷ്യന്റെ സേവനമുണ്ട്. ഇതിന് പുറമെ എല്ലാമാസവും രണ്ടാമത്തെ ചൊവ്വാഴ്ച ന്യൂറോ പീഡിയാട്രീഷ്യനും നേത്രരോഗ വിദഗ്ദ്ധനും കുട്ടികളെ പരിശോധിക്കും.
കുട്ടികളിൽ പലരും ജനനസമയത്ത് ഗുരുതരമായ രീതിയിൽ തൂക്കക്കുറവുള്ളവരാണ്. ഇതും പോഷക അപര്യാപ്തതയ്ക്ക് കാരണമാണ്. മാർച്ചിൽ പോഷകക്കുറവ് നേരിട്ടിരുന്ന കുട്ടികളുടെ എണ്ണം 47 ആയിരുന്നത് ഇപ്പോൾ 27 ആയി കുറഞ്ഞിട്ടുണ്ട്. ഇവരിൽ 22 കുട്ടികൾ പ്രത്യേകശ്രദ്ധയും പരിചരണവും ആവശ്യമുള്ളവരാണെന്നും ജനറൽ സെക്രട്ടറി പറഞ്ഞു. ആകെ 142 കുട്ടികളാണ് ശിശുക്ഷേമസമിതിയിലുള്ളത്.
കുട്ടികൾക്ക് പോഷകാഹാരം ഉറപ്പാക്കാൻ സമിതിയിൽ ഡയറ്റീഷ്യനെ നിയമിക്കണമെന്ന് തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിൽ നിന്ന് ജില്ലാ മെഡിക്കൽ ഓഫീസർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ആശുപത്രിയിൽ അഡ്‌മിറ്റായ കുട്ടികൾക്ക് ആറ് മാസത്തിൽ താഴെയാണ് പ്രായം. പോഷകാഹാരക്കുറവുള്ള കുട്ടികൾക്ക് ഇടയ്ക്കിടെ രോഗങ്ങൾ വരാൻ സാദ്ധ്യത കൂടുതലായതിനാലാണിത്. അതേസമയം തൂക്കക്കുറവും അനാരോഗ്യവുമുള്ള കുട്ടികൾക്ക് ഡയറ്റീഷ്യന്റെ സേവനം മാസത്തിലൊരിക്കൽ മതിയോ എന്ന വിമർശനവും ഉയരുന്നുണ്ട്.