aa

തിരുവനന്തപുരം: ക്യാമറയ്ക്കു മുന്നിൽ കേരളത്തിന്റെ സാംസ്‌കാരിക ശബ്ദം സാനുമാഷ്. ക്യാമറയ്ക്കു പിന്നിൽ വിശ്വചലച്ചിത്രകാരൻ ഷാജി എൻ. കരുൺ. പിറവിയെടുത്തത് 'പ്രാണൻ'; സാനുമാഷിന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി.

ഷൂട്ടിംഗ് പൂർത്തിയായി,സബ് ടൈറ്റിലോടു കൂടിയ 64 മിനിട്ടുളള ഡോക്യുമെന്ററിയുടെ പൂർണ രൂപം കാണാതെയാണ് സാനുമാഷും ഷാജി എൻ.കരുണും വിട പറഞ്ഞത്. അവർ ഒരുമിച്ചിരുന്ന് കാണാൻ അഗ്രഹിച്ച 'പ്രാണൻ' ഇന്ന് ഉച്ചയ്ക്ക് 2.30ന് കൈരളി തിയേറ്ററിലെ വെള്ളിത്തിരയിൽ തെളിയും.

ഡോക്യുമെന്ററിയിൽ സാനുമാഷിന്റെ ജീവിതം പറയുന്നത് അദ്ദേഹം തന്നെയാണ്. വേറിട്ട രീതിയിലാണ് ഷാജി എൻ കരുൺ സാനുമാഷിന്റെ ജീവിതത്തിലേക്ക് ക്യാമറ തിരിച്ചത്. ആദ്യം സാനുമാഷിന്റെ ജീവിതം അദ്ദേഹത്തിന്റ ശബ്ദത്തിൽ റെക്കോ‌ർഡ് ചെയ്തു. പിന്നീട് സ്ക്രിപ്ട് തയ്യാറാക്കി. അതിനു ശേഷമായിരുന്നു ഷൂട്ടിംഗ്. അഞ്ചു വർഷമെടുത്തു ഡോക്യുമെന്ററി പൂർത്തിയാക്കാൻ.

ഏപ്രിൽ 28ന് ഷാജി എൻ.കരുൺ അന്തരിച്ചു. ആഗസ്റ്റ് രണ്ടിന് എം.കെ.സാനുവും. ഷാജി എൻ.കരുണിന്റെ വേർപാടിനു ശേഷം ഡോക്യുമെന്ററിയുടെ ഛായാഗ്രാഹകനും സംവിധാന സഹായിയുമായ അജീഷ് വേണുഗോപാൽ സാനുമാഷിന്റെ അടുത്തെത്തി. ''എന്റെ കൈപിടിച്ച് ഒറ്റക്കരച്ചിലായിരുന്നു മാഷ്. ഷാജി സാറിന്റെ വേർപാടിൽ അദ്ദേഹം എത്രത്തോളം വേദനിച്ചുവെന്ന് മനസിലായി''- അജീഷ് പറഞ്ഞു. ഷാജി എൻ.കരുണിന്റെ മകൻ അനിൽ ഷാജിയാണ് സബ്ടൈറ്റിൽ ജോലികൾ തീർത്തത്. അയിലക്കാട് പ്രൊ‌ഡക്ഷൻസിന്റെ ബാനറിൽ കെ.വി.വാസുദേവനാണ് ഡോക്യുമെന്ററി നിർമ്മിച്ചത്.

ഷാജി എൻ.കരുണിന്റെ പ്രതിഭാ സ്പർശമേറ്റ അവസാനത്തെ കലാസൃഷ്ടിയുടെ ആദ്യ പ്രദർശനം ഇന്ന് നടക്കുമ്പോൾ കാണാൻ ഇരുവരുടേയും കുടുംബാംഗങ്ങളും ഉണ്ടാകും.