തിരുവനന്തപുരം: ഭാരത് ഭവന്റെ നൃത്തവേദിയിൽ മൂകാംബികാഷ്ടകം സംഗീത മഴയായി പെയ്‌തപ്പോൾ വേദിയിൽ മന്ത്രി പി.പ്രസാദിന്റെ മകൾ അരുണ അൽ മിത്ര ചിലങ്ക കെട്ടിയാടി. പട്ടം ഗവ.ഗേൾസ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ അരുണ ആദ്യമായി നൃത്ത വേദിയിലെത്തിയത് കാണാൻ അച്ഛൻ തിരക്കുകൾ മാറ്റിവച്ചെത്തി.
തിരുവനന്തപുരം കലാഞ്ജലി ഫൗണ്ടേഷൻ പത്താം വാർഷികത്തിന്റെ ഭാഗമായായിരുന്നു അരുണയുടെ രംഗപ്രവേശം. ഭരതനാട്യത്തിലായിരുന്നു അരുണയുടെ തുടക്കം. കലാഞ്ജലി ഫൗണ്ടേഷന്റെ സ്ഥാപകയും നർത്തകിയുമായ സൗമ്യ സുകുമാരന്റെ കീഴിലാണ് നൃത്തം അഭ്യസിച്ചത്.
മൂകാംബികാഷ്ടകത്തിന് പുറമേ പുഷ്പാഞ്ജലി,കീർത്തനം തുടങ്ങി നാല് നൃത്തങ്ങളാണ് അരുണ അവതരിപ്പിച്ചത്.
നൃത്തത്തിന് സഹായിയായി അരുണയുടെ അമ്മ ലൈന പ്രസാദിനൊപ്പം അരുണയുടെ കൂട്ടുകാരിയും മന്ത്രി എം.ബി.രാജേഷിന്റെ മകളുമായ പ്രിയദത്ത എൻ.രാജേഷുമുണ്ടായിരുന്നു. ആകെ 50 കുട്ടികളാണ് ഇന്നലെ വേദിയിൽ നൃത്തം അവതരിപ്പിച്ചത്. പരിപാടി സംഗീതജ്ഞ ഡോ.കെ.ഓമനക്കുട്ടി ഉദ്ഘാടനം ചെയ്‌തു. മന്ത്രി പി.പ്രസാദ് മുഖ്യാതിഥിയായി. ഡോ.ബിജു രമേശ്,കലാമണ്ഡലം നീതു ദാസ്,വിനോദ് വൈശാഖി,ഗീതാ നസീർ എന്നിവർ പങ്കെടുത്തു.