വിതുര: മലയോരമേഖലയിൽ കാട്ടുപോത്തുകളിറങ്ങി ഭീതിയും, നാശവും പരത്തുന്നത് പതിവാകുന്നു. കഴിഞ്ഞ ദിവസം തൊളിക്കോട് പഞ്ചായത്തിലെ തച്ചൻകോട്, മലയടി, പനയ്ക്കോട് ജനവാസമേഖലകളിൽ ഇറങ്ങിയ കാട്ടുപോത്തിനെ വനപാലകർ മയക്കുവെടിവച്ച് പിടികൂടി. വനത്തിൽനിന്നും നാട്ടിലിറങ്ങുന്ന കാട്ടുപോത്തുകൾ തരിശുഭൂമികളിലും, റബർതോട്ടങ്ങളിലും ചേക്കേറിയശേഷം തീറ്റതേടി ജനവാസമേഖലകളിലിറങ്ങുകയാണ് പതിവ്.
പൊൻമുടി തിരുവനന്തപുരം സംസ്ഥാനപാതയിലും കാട്ടുപോത്തുകൾ ഇറങ്ങുന്നുണ്ട്. വിതുര പഞ്ചായത്തിലാണ് കാട്ടുപോത്തുകളുടെ ശല്യം കൂടുതലുള്ളത്. വനമേഖലയോടു ചേർന്ന പ്രദേശങ്ങളിലാണ് ബുദ്ധിമുട്ടധികവും. ജനവാസമേഖലകളിലും അനവധിപേർ കാട്ടുപോത്തുകളുടെ ആക്രമണത്തിന് വിധേയരായിട്ടുണ്ട്. ഒരു ആദിവാസി മരണപ്പെട്ടിട്ടുമുണ്ട്.
വിതുര പഞ്ചായത്തിലെ മേമല മാങ്കാലയിൽ കാട്ടുപോത്തുകളുടെ ശല്യം രൂക്ഷമായിട്ട് മാസങ്ങളേറയായി. നേരത്തേ ഇവിടെ കാട്ടുപോത്ത് കിണറ്റിൽവീണ് പരിക്കേറ്റിരുന്നു. വനപാലകർ ചികിത്സ നൽകിയെങ്കിലും പിറ്റേ ദിവസം ചത്തു.
കാട്ടാനയും
കാട്ടാനകളും മേഖലയിൽ നാശവും ഭീതിയും പരത്തുന്നുണ്ട്. വിതുര പഞ്ചായത്തിലെ മണലി, ആനപ്പാറ, കല്ലാർ, പേപ്പാറ മേഖലകളിൽ കാട്ടനശല്യം രൂക്ഷമാണ്. പകൽസമയത്തും കാട്ടാനകളെത്തുന്നുണ്ട്
കാട്ടുപോത്തിനെ വനത്തിൽവിട്ടു
തൊളിക്കോട് പഞ്ചായത്തിലെ പനയ്ക്കോട് മേഖലയിൽ നിന്നും വനപാലകർ മയക്കുവെടി ഉതിർത്ത് പിടികൂടി ചികിത്സ നൽകിയ കാട്ടുപോത്തിനെ വനപാലകർ പേപ്പാറ വനത്തിൽ തുറന്നുവിട്ടു. കാട്ടുപോത്ത് മലയടി, തച്ചൻകോട് പനയ്ക്കോട് മേഖലയിൽ മണിക്കൂറുകളോളം ഭീതി പരത്തി വിഹരിച്ചിരുന്നു. വന്യമൃഗശല്യത്തിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.