കടയ്ക്കാവൂർ: മാച്ചത്ത് മുക്കിൽ നിന്ന് ആയിക്കുടി ക്ഷേത്രത്തിലേക്ക് പോകുന്ന റോഡിൽ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ മാലിന്യം നിക്ഷേപിക്കുന്നതായി പരാതി. ക്ഷേത്രത്തിന് സമീപത്തെ ഒഴിഞ്ഞ പുരയിടത്തിൽ കൊണ്ട് തള്ളുന്ന വേസ്റ്റുകൾ മാലിന്യക്കൂമ്പാരമായി മാറിയിട്ടുണ്ട്. മാലിന്യം ഭക്ഷിക്കാനെത്തുന്ന തെരുവുനായ്ക്കളും കാക്കകളും അവ വലിച്ച് റോഡിലിടുന്നതും പതിവായിട്ടുണ്ട്. ഇത് കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. പരിസരപ്രദേശമാകെ ദുർഗന്ധത്താൽ നിറഞ്ഞിരിക്കുകയാണ്. അടുത്തുള്ള ബ്യൂട്ടിപാർലർ വേസ്റ്റുകളും വ്യാപാരസ്ഥാപനങ്ങളിലെയും ഹോട്ടലുകളിലെയും വേസ്റ്റുകളും ഇവിടെ ഉപേക്ഷിക്കുന്നതും പതിവാണ്.
അധികൃതരെ അറിയിച്ചിട്ടും യാതൊരുവിധ നടപടിയുമുണ്ടാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. ഇതിൽ കടകളുടെ മേൽവിലാസം സഹിതമുണ്ടായിട്ടും അധികൃതർ തിരിഞ്ഞ്നോക്കുകയോ ഫെെനടക്കമുളള കാര്യങ്ങൾക്കോ മുതിരുന്നില്ല. മൂക്ക് പൊത്തിപോലും നടക്കാൻ കഴിയാത്തവസ്ഥയാണ് നാട്ടുകാർക്ക്.