hospita

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ ഓക്സിജൻ പ്ലാന്റ് പ്രവർത്തന രഹിതമായിട്ട് വർഷങ്ങളാകുന്നു. ഇപ്പോൾ ആശുപത്രിയിൽ ഓക്സിജൻ സപ്ലൈ ചെയ്യുന്നത് സ്വകാര്യ ഏജൻസികളാണ്. കോവിഡിന് ശേഷം നാളിതുവരെ ഓക്സിജൻ സിലിണ്ടറുകൾ നെയ്യാറ്റിൻകര ജനറൽ ആശുപത്രിക്ക് സപ്ലൈ ചെയ്ത ഇനത്തിൽ വൻ തുകയാണ് ചെലവായതെന്നും ആക്ഷേപമുണ്ട്.

കൊവിഡുകാലത്ത് ഓക്സിജന് ക്ഷാമം വന്നതോടെ ശതലക്ഷങ്ങൾ മുടക്കിയാണ് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ഓക്സിജൻ പ്ലാന്റ് നിർമ്മിച്ചത്. വീണ്ടും ലക്ഷങ്ങൾ മുടക്കി എല്ലാ വാർഡുകളിലും ഓക്സിജൻ ലൈനുകൾ സ്ഥാപിച്ച് ഓക്സിജൻ എത്തിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കുകയും ചെയ്തു. ആവശ്യമുള്ളത് ഉപയോഗിച്ച ശേഷം സമീപത്തെ ആശുപത്രികൾക്ക് എത്തിച്ചു കൊടുക്കുകയായിരുന്നു ഉദ്ദേശ്യം. കോവിഡിനുശേഷം ജനജീവിതം സാധാരണ നിലയിലെത്തിയപ്പോൾ ഓക്സിജന്റെ ആവശ്യം കുറഞ്ഞതോടെ ഉത്പാദനം നിലച്ചു.

വിൽക്കാൻ കഴിഞ്ഞില്ല,

ഉത്പാദനം നിറുത്തി

കെ.എസ്.ഇ.ബിയുടെ നിലവിലുള്ള ട്രാൻസ്ഫോർമറിന് പ്ലാന്റിന്റെ പ്രവർത്തനം താങ്ങാനുള്ള ശേഷി കുറവാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.വീണ്ടും ലക്ഷങ്ങൾ മുടക്കി ജനറേറ്റർ സ്ഥാപിച്ചു. ഉത്പാദിപ്പിക്കുന്ന ഓക്സിജൻ ആശുപത്രി ഉപയോഗം കഴിഞ്ഞ് ശേഷിക്കുന്നത് വിൽക്കാൻ കഴിയാതെ വന്നതോടെ ആരംഭത്തിലേ ഉത്പാദനം നിറുത്തിവച്ചു. വൈദ്യുതചാർജ് ഇനത്തിലും മറ്റു ചെലവുകളിലുമുണ്ടായ നഷ്ടം പദ്ധതി അവസാനിപ്പിക്കാൻ കാരണമായി.

ആവശ്യക്കാരേറെ

ഓക്സിജൻ പ്ലാന്റിന്റെ ഉദ്ഘാടനത്തിന് ശേഷം ഇതുവരെയും പൂർണ്ണതോതിൽ ഉത്പാദനം നടത്താൻ കഴിഞ്ഞിട്ടില്ല. ഇപ്പോൾ ഓക്സിജൻ സിലിണ്ടർ പുറത്തുനിന്ന് വാങ്ങി ഉപയോഗിക്കുകയാണ്. പ്രതിമാസം നൂറോളം രോഗികൾക്കാണ് ഓക്സിജൻ സിലിണ്ടർ ആവശ്യമായി വരുന്നത്. എന്നാൽ അമ്പതോളം രോഗികൾക്കേ ഉപയോഗിക്കാനാകുന്നുള്ളൂ. സാധാരണക്കാരായ രോഗികൾക്ക് ചികിത്സാചെലവ് വർദ്ധിക്കുന്നതിന് ഇത് കാരണമായി.

വരുമാനവും ഇല്ലാതായി

പ്ലാന്റ് അടച്ചിട്ടതോടെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിക്ക് ഓക്സിജൻ വില്പനയിലൂടെ മാസാമാസം ലഭിക്കേണ്ടിയിരുന്ന വരുമാനവും ഇല്ലാതായി. വർഷങ്ങളായി പ്ലാന്റ് പ്രവർത്തിക്കാതിരിക്കുന്നതിനാൽ പ്ലാന്റിന്റെ പല ഭാഗങ്ങളും കേടുവരാൻ സാദ്ധ്യതയുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു. ജനറേറ്ററും ഓക്സിജൻ പ്ലാന്റും ഇനി പ്രവർത്തിപ്പിക്കാൻ തുടങ്ങുമ്പോൾ അറ്റകുറ്റപണികൾക്കായി വൻതുക ചെലവഴിക്കേണ്ടി വരും.