മലയിൻകീഴ്: ജനവാസമേഖലകളിൽ കാട്ടുപന്നിയിറങ്ങുന്നത് പതിവാകുന്നു. കരിപ്പൂര് മൂഴിനടയിൽ രാത്രി ബൈക്കിൽ ജോലി കഴിഞ്ഞ് പോവുകയായിരുന്ന കൗമുദി ടി.വി ക്യാമറമാൻ അനീഷ്മോഹൻ
തലനാരിഴയ്ക്കാണ് പന്നിയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. പാഞ്ഞുവന്ന പന്നിയെ കണ്ട് ബൈക്ക് വെട്ടിച്ച് പോയതിനാൽ അപകടം ഒഴിവാകുകയായിരുന്നു.വിളപ്പിൽശാല വാഴവിളാകം ഭാഗത്ത് ബൈക്കിൽ പന്നി ഇടിച്ച് ദമ്പതികൾക്ക് പരിക്കേറ്റത് അടുത്തിടെയാണ്.പാലോട്ടുവിള പഴയ ചുമട്താങ്ങി ഇടറോഡിൽ കാട്ടുപന്നിയെ കണ്ടവരുണ്ട്. പ്രദേശവാസി പടക്കം പൊട്ടിച്ച് ഇവയെ തുരത്തിവിട്ടെങ്കിലും പാഴ്ച്ചെടികൾ വളർന്ന് ഭാഗത്തേക്ക് പോവുകയായിരുന്നു.
ആൾതാമസം കുറഞ്ഞ സ്ഥലങ്ങളിലും കാടായിക്കിടക്കുന്നിടങ്ങളിലുമാണ് കാട്ടുപന്നികൾ തങ്ങുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.
ഇക്കഴിഞ്ഞ ദിവസം പുലർച്ചെ റിട്ട. അദ്ധ്യാപകൻ വേണു തോട്ടിൻകരയുടെ വീടിന് സമീപവും മഞ്ചാടി മഹവിഷ്ണു ക്ഷേത്രത്തിന് സമീപത്തുള്ള ശ്യാംകുമാറിന്റെ വീട്ടിലെ സി.സി.ടിവി ദൃശ്യങ്ങളിലും കോലിയക്കോട് വെള്ളിക്കോട് ഭാഗങ്ങളിലും കാട്ടുപന്നിയെ കണ്ടിരുന്നു. വിഷ്ണുപുരം,അരുവിപ്പാറ ഭാഗങ്ങളിൽ ഇപ്പോഴും കാട്ടുപന്നിയെ കാണാറുണ്ട്. മഞ്ചാടി ഭാരത് ഗ്യാസ് ഗോഡൗണിന് സമീപത്തെ റബർത്തോട്ടത്തിൽ കാട്ടുപന്നികളുടെ സാന്നിദ്ധ്യമുണ്ട്. വീടുകളുടെ ഗേറ്റിലും വാഹനങ്ങളിലും പന്നി വന്ന് ഇടിക്കുകയും കൃഷി നശിപ്പിക്കാറുണ്ടെന്നും നാട്ടുകാർ പറയുന്നു. കാട്ടുപന്നികളെ തുരത്താൻ നടപടി ഉണ്ടാകുമെന്ന് അധികൃതർ ഒരു വർഷമായി പറയുന്നുണ്ടെങ്കിലും ഫലമുണ്ടായിട്ടില്ല.