trafic

വെഞ്ഞാറമൂട്: ഓണക്കാലത്ത് വെഞ്ഞാറമൂട് ടൗണിലെ ഗതാഗത പരിഷ്കരണം നടപ്പാക്കാൻ ഡി.കെ.മുരളി എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം കൂടി. നാളെ മുതൽ സെപ്തംബർ വരെ വെഞ്ഞാറമൂട് ജംഗ്ഷനിലൂടെയുള്ള ഗതാഗത നിയന്ത്രണം നടത്താൻ തീരുമാനിച്ചു. ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി കൊട്ടാരക്കര ഭാഗത്തു നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസുകൾക്ക് സഫാരി ഹോട്ടൽ കഴിഞ്ഞുള്ള ഭാഗത്തും തിരുവനന്തപുരം ഭാഗത്ത് നിന്നും കൊട്ടാരക്കര ഭാഗത്തേക്ക് വരുന്ന ബസുകൾക്ക് വെഞ്ഞാറമൂട് ഹൈസ്കൂൾ ഭാഗത്തും സ്റ്റോപ്പുകൾ ക്രമീകരിക്കും. വെഞ്ഞാറമൂട് യാത്ര അവസാനിക്കുന്ന ബസുകൾ മാത്രമേ സ്റ്റാൻഡിൽ പ്രവേശിക്കാൻ പാടുള്ളൂ.

കൊട്ടാരക്കര ഭാഗത്തുനിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വരുന്നതും തിരുവനന്തപുരം ഭാഗത്ത് നിന്ന് കൊട്ടാരക്കരയിലേക്ക് പോകേണ്ട കെ.എസ്.ആർ.ടി.സി ഒഴികെയുള്ള വാഹനങ്ങൾ അമ്പലമുക്ക് - പിരപ്പൻകോട് റോഡ് വഴി തിരിച്ചുവിടും. വെഞ്ഞാറമൂട് ജംഗ്ഷനിലെ പാർക്കിംഗ് ഒഴിവാക്കി,പാർക്കിംഗിന് ആവശ്യമായ ഗ്രൗണ്ട് കണ്ടെത്തി പാർക്കിംഗ് ക്രമീകരിക്കും,വെഞ്ഞാറമൂട് ജംഗ്ഷനിൽ നോ പാർക്കിംഗ് ബോർഡുകൾ സ്ഥാപിക്കാൻ പഞ്ചായത്ത് പൊലീസ് എന്നിവർ നടപടി സ്വീകരിക്കും.

പാർക്കിംഗ് ക്രമീകരണങ്ങളെക്കുറിച്ചുള്ള അനൗൺസ്‌മെന്റ് വ്യാപാരി വ്യവസായികളുമായി ചേർന്ന് നടത്തും. വഴിയോരക്കച്ചവടം ഗതാഗതതടസം വരാത്ത രീതിയിൽ ക്രമീകരിക്കും.ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി റോഡിന് ഇരുവശങ്ങളിലുമുള്ള മൂടാത്ത ഓടകൾ അടിയന്തരമായി സ്ലാബിട്ട് മൂടും.

യോഗത്തിൽ ആറ്റിങ്ങൽ ഡിവൈ.എസ്.പി എസ്.മഞ്ജുലാൽ,എസ്.എച്ച്.ഒ ആസാദ് അബ്ദുൽ കലാം,നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റ് ബീനാരാജേന്ദ്രൻ,ജില്ലാ മെമ്പർ കെ.ഷീലാകുമാരി കെ.എസ്.ആർ.ടി.സി,കെ.എസ്.ടി.പി,കെ.ആർ.എഫ്.സി,യു.എൽ.സി.സി,ത്രിതല പഞ്ചായത്ത് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

ഫോട്ടോ: വെഞ്ഞാറമൂട്ടിൽ ഗതാഗത നിയന്ത്രണവുമായി ബന്ധപ്പെട്ട് നടന്ന അവലോകനയോഗം