വിതുര: ഓണത്തിന് പൂസാകാൻ മലയോരമേഖലയിൽ നാടൻ ചാരായം റെഡിയാകുന്നു. വിദേശ മദ്യത്തെക്കാൾ ഇപ്പോൾ നാടന് ഡിമാൻഡ് ഏറെയാണ്. ഒരിടവേളയ്ക്ക് ശേഷം മലയോരമേഖലയിൽ വീണ്ടും വ്യാജ മദ്യലോബി സജീവമാകുകയാണ്. ഓണവിപണി ലക്ഷ്യമിട്ട് മലയോര - വനമേഖലകൾ കേന്ദ്രീകരിച്ച് അധികൃതരുടെ കണ്ണ് വെട്ടിച്ച് വൻ തോതിലാണ് വ്യജവാറ്റ് കൊഴുക്കുന്നത്.
വിതുര,തൊളിക്കോട്,ആര്യനാട്,പെരിങ്ങമ്മല,നന്ദിയോട് പഞ്ചായത്തുകളിലെ വനമേഖലകളിലാണ് വാറ്റ് തകൃതിയായിട്ടുള്ളത്. ആദിവാസി സമൂഹത്തെ ചൂഷണം നടത്തിയാണ് വനമേഖലകളിൽ നാടൻചാരായ നിർമ്മാണം നടക്കുന്നത്. ആദിവാസികളെ ചൂഷണം ചെയ്ത് ഊരുകളിൽ തമ്പടിച്ച് വ്യാവസായികാടിസ്ഥാനത്തിൽ ചാരായം നിർമ്മിച്ച് പുറത്തേക്ക് കടത്തുകയാണ്.
പൊൻമുടി, ബോണക്കാട് മലയടിവാരം വ്യാജവാറ്റുലോബിയുടെ പിടിയിലമർന്നിട്ട് മാസങ്ങളായി. ചാരായം വാറ്റി കന്നാസുകളിലും പ്ലാസ്റ്റിക് കവറുകളിലും നിറച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് കടത്തുന്നവരുമുണ്ട്.
എക്സൈസും പൊലീസും റെയ്ഡുകൾ നടത്തി ചിലരെ പിടികൂടാറുണ്ടെങ്കിലും വ്യാജവാറ്റുകാർ സജീവമായിട്ടുണ്ട്. മലയോര മേഖലയിൽ അനവധി ബിവറേജസ് ഷോപ്പുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും വാറ്റുചാരായത്തിന് ഇപ്പോഴും വൻ ഡിമാൻഡാണ്.
നാടൻ ചാരായവുമായി ബൈക്കുകളിൽ അമിത വേഗതയിലാണ് യുവസംഘങ്ങൾ പായുന്നത്. സ്ത്രീകളും സജീവമായി കളത്തിലുണ്ട്.
ടൂറിസം മേഖല ലക്ഷ്യം
പൊന്മുടി,ബോണക്കാട്,പേപ്പാറ,കല്ലാർ,ചാത്തൻകോട് എന്നീ ടൂറിസം കേന്ദ്രങ്ങളിലും നാടൻ ചാരായം സുലഭമാണ്. ടൂറിസ്റ്റുകൾക്കിടയിൽ വൻ വിലയ്ക്കാണ് വില്പന നടത്തുന്നത്. ഇതിനായി പ്രത്യേകസംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷവും ഓണനാളുകളിൽ മലയോരമേഖലയിൽ വൻതോതിൽ നാടൻ ചാരായം ഒഴുകിയിരുന്നു. നാടനൊപ്പം കഞ്ചാവും,എം.ഡി.എം.എയുമുണ്ട്. റെയ്ഡുകൾ ശക്തമാക്കിയില്ലെങ്കിൽ ഓണനാളുകളിൽ നാടൻചാരായവും കഞ്ചാവും വൻതോതിലാകും.
യുവസംഘങ്ങളും
നാടൻചാരായത്തിനായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് അനവധി പേർ വിതുര,തൊളിക്കോട്,ആര്യനാട്,പെരിങ്ങമ്മല പഞ്ചായത്തുകളിൽ എത്താറുണ്ട്. നാടൻ ചാരായം കൂടിയ വിലയ്ക്കാണ് വിറ്റഴിക്കുന്നത്. വാറ്റുചാരായം വിൽക്കുന്നതിനായി അനവധി യുവസംഘങ്ങളെ മദ്യമാഫിയകൾ നിയമിച്ചിട്ടുണ്ട്. ബൈക്കുകളിലെത്തിയാണ് വില്പന നടത്തുന്നത്. ഓർഡർ നൽകിയാൽ നിശ്ചിത സ്ഥലത്ത് മദ്യമെത്തിക്കാനുള്ള ക്രമീകരണങ്ങൾ സജ്ജമാക്കും. വ്യാജ മദ്യലോബിയെ അമർച്ചചെയ്യാൻ ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും, ഇതിനായി പ്രത്യേക സ്ക്വാഡ് കളത്തിലുണ്ടെന്നും പൊലീസും എക്സൈസും പറയുന്നു.
മലയോരമേഖലയിൽ വർദ്ധിച്ചുവരുന്ന വ്യാജവാറ്റിനും വില്പനയ്ക്കും തടയിടണം. എക്സൈസും പൊലീസും ചേർന്ന് റെയ്ഡുകൾ ശക്തമാക്കണം
മീനാങ്കൽ കുമാർ, സി.പി.ഐ
സംസ്ഥാന കൗൺസിൽ അംഗം