വിതുര: പൊൻമുടി തിരുവനന്തപുരം സംസ്ഥാനപാതയിൽ തൊളിക്കോട് ജംഗ്ഷനിൽ നിന്നും മുക്കുവാൻതോട് മലയടി മേഖലയിലേക്കുള്ള റോഡ് തകർന്ന് തരിപ്പണമായിട്ട് നാളേറെയായി. ഗട്ടറുകൾ നിറഞ്ഞുകിടക്കുന്ന റോഡിലൂടെയുള്ള യാത്ര നിലവിൽ അപകടം നിറഞ്ഞതാണ്. മഴക്കാലത്ത് റോഡ് വെള്ളക്കെട്ടാൽ മൂടും. ബൈക്കപകടങ്ങളിൽ നിരവധി യുവാക്കൾക്ക് പരിക്കേറ്റിട്ടുണ്ട്. പൊൻമുടി ചുള്ളിമാനൂർ സംസ്ഥാനപാതയുടെ നവീകരണപ്രവർത്തനങ്ങളുടെ ഭാഗമായി തൊളിക്കോട് ജംഗ്ഷനിൽനിന്നും മുക്കുവാൻതോട് മേഖലയിലേക്ക് പോകുന്ന റോഡ് രണ്ട് വർഷം മുമ്പ് വെട്ടിപ്പൊളിച്ചിട്ടു. കരാറുകാരൻ പണി ഉപേക്ഷിച്ച് കളം വിട്ടതോടെ റോഡ് അനാഥമായി. റോഡ് ഗതാഗതയോഗ്യമാക്കുമെന്ന് പ്രഖ്യാപനം നടത്തിയെങ്കിലും പിന്നീട് അനക്കമില്ലാതായി. അതേസമയം റോഡിന്റെ ശേഷിച്ച ഭാഗം നന്നാക്കുന്നതിനായി ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും പണി ഉടൻ ആരംഭിക്കുമെന്നും പഞ്ചായത്ത് വ്യക്തമാക്കി. തൊളിക്കോട് മുക്കുവാൻതോട് മലയടി റോഡിന്റെ ശോച്യാവസ്ഥയും അപകടങ്ങളും ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
പഞ്ചായത്ത് ഓഫീസ് പൂട്ടിയിട്ടു
തൊളിക്കോട് മുക്കുവാൻ തോട് റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ കഴിഞ്ഞ ദിവസം മണിക്കൂറുകളോളം തൊളിക്കോട് പഞ്ചായത്ത് ഓഫീസ് പൂട്ടിയിട്ടു. തൊളിക്കോട് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റിചെയർമാൻ തോട്ടുമുക്ക് അൻസർ, തൊളിക്കോട് ടൗൺവാർഡ്മെമ്പർ ഷെമിഷംനാദ്, തുരുത്തിവാർഡ് മെമ്പർ എൻ.എസ്.ഹാഷിം, ചെട്ടിയാംപാറ വാർഡ്മെമ്പർ ബി.പ്രതാപൻ, കോൺഗ്രസ് തൊളിക്കോട് മണ്ഡലം പ്രസിഡന്റ് തൊളിക്കോട് ഷംനാദ്, അബ്ദുൽഹമീദ് എന്നിവർ നേതൃത്വം നൽകി. തൊളിക്കോട് പഞ്ചായത്ത് സെക്രട്ടറിയും, വിതുര പൊലീസും സമരക്കാരുമായി ചർച്ചനടത്തിയാണ് സമരം അവസാനിപ്പിച്ചത്.