പാറശാല: പൈപ്പ്‌വെള്ളത്തെ മാത്രം ആശ്രയിച്ച് കഴിയുന്ന പാറശാലക്കാരുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമില്ലാതെ തുടരുമ്പോഴും മുറതെറ്റാതെ പൈപ്പ് പൊട്ടലുകളും തുടരുകയാണ്. പാറശാല, കൊല്ലയിൽ പഞ്ചായത്തുകളിലെ ജനങ്ങളുടെ കുടിവെള്ള പ്രശ്നത്തിന് നാളുകളുടെ പഴക്കമുണ്ട്. ജലസംഭരണിൽ ആവശ്യത്തിന് വെള്ളമില്ലെന്ന പേരിൽ ജലവിതരണം ഇപ്പോൾ അനിശ്ചിതമായി നിറുത്തിവച്ചിരിക്കുകയാണ്. ഈ സ്ഥിതി തുടർന്നാൽ ഓണത്തിന് പ്രദേശവാസികൾ കുടിവെള്ളത്തിന് ഓടേണ്ടിവരും.

പാറശാല പഞ്ചായത്തിൽ ടൗൺ വാർഡ് ഉൾപ്പെടെ മിക്ക വാർഡുകളിലെയും ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളമെത്തുന്നത് വല്ലപ്പോഴുമാണ്. വാട്ടർ അതോറിട്ടി ഒന്നിടവിട്ട ദിവസങ്ങളിൽ കുടിവെള്ള വിതരണം നടത്തിയിരുന്ന മേഖലകളിൽ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രമായി ചുരുക്കിയതാണ് കുടിവെള്ളക്ഷാമം രൂക്ഷമാകുന്നതിനും നാട്ടുകാരുടെ പ്രതിഷേധത്തിനും കാരണം.

 വണ്ടിച്ചിറയിലെ വെള്ളം തികയുന്നില്ല

പാറശാല പഞ്ചായത്തിലെ വണ്ടിച്ചിറ കുടിവെള്ള പദ്ധതിയിൽ നിന്നാണ് പാറശാല പഞ്ചായത്തിലും ​ കൊല്ലയിൽ,ചെങ്കൽ പഞ്ചായത്തുകളിലെ ചില മേഖലകളിലും കുടിവെള്ളം എത്തിച്ചിരുന്നത്. ടാങ്കിന്റെ സംഭരണ ശേഷിക്കുറവിന് പുറമെ ഉപഭോക്താക്കളുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനവുണ്ടായതോടെ കാളിപ്പാറയിൽ നിന്നുള്ള വെള്ളം പാറശാലയിലെത്തിച്ച് പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയെങ്കിലും ജലജീവൻ പദ്ധതിയിലൂടെ ഉപഭോക്താക്കൾ ക്രമാതീതമായി വർദ്ധിച്ചത് വിതരണ സംവിധാനങ്ങളെ താറുമാറാക്കി. കാളിപ്പാറയിൽ നിന്നും പൊൻവിള വഴി പാറശാലയിൽ എത്തിയിരുന്ന വെള്ളം അടുത്തകാലത്ത് നിലച്ചതോടെയാണ് ഇവിടത്തെ കുടിവെള്ളക്ഷാമം തുടങ്ങിയത്.

 തടസങ്ങൾ ഏറെ
പാറശാല പഞ്ചായത്തിലെ പാറശാല ടൗൺ, കീഴത്തോട്ടം, മുറിയത്തോട്ടം, നെടുവാൻവിള, ഇഞ്ചിവിള, ചെറുവാരക്കോണം തുടങ്ങിയ വാർഡുകളിലെ ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളം എത്തുന്നില്ലെന്നാണ് പരാതി. രാത്രിയിൽ ഉറങ്ങാതെ കാത്തിരുന്നെങ്കിൽ മാത്രമേ പൈപ്പിലൂടെയെത്തുന്ന കുടിവെള്ളം കിട്ടൂ. അടിക്കടി ഉണ്ടാകുന്ന പൈപ്പ് പൊട്ടലുകളും നെയ്യാർ ഇറിഗേഷനിൽ നിന്നുള്ള വെള്ളം കനാലിലൂടെ ജലസംഭരണികളിൽ എത്തുന്നതിനുള്ള തകരാറുകളും കൃത്യമായി ജലവിതരണത്തിനുള്ള തടസങ്ങളായി പറയുമ്പോഴും പദ്ധതി പ്രദേശത്ത് ആവശ്യത്തിനുള്ള വെള്ളം എത്തുന്നില്ലെന്നതു തന്നെയാണ് പ്രധാന കാരണം.