mamam-chatha

ആറ്റിങ്ങൽ: കാർഷിക ജീവിതത്തിന്റെ അടയാളമായ ആറ്റിങ്ങൽ മാമം കന്നുകാലിച്ചന്ത വിസ്മൃതിയിലേക്ക്. രാജഭരണ കാലം മുതൽ തിരുവിതാംകൂറിലാകെ പ്രശസ്തമായിരുന്നു മാമം കന്നുകാലിച്ചന്ത. തിങ്കളാഴ്ചകളിൽ നടക്കുന്ന ചന്തയിൽ തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നും നൂറുകണക്കിന് വളർത്തുമൃഗങ്ങൾ ഇവിടെ വില്പനയ്ക്കെത്തിയിരുന്നു. കാലക്രമേണ കൃഷിയും അനുബന്ധജോലികളും നിലച്ചതോടെ കന്നുകാലിച്ചന്തയുടെ പ്രവർത്തനങ്ങളും കുറഞ്ഞു. ഇന്ന് പേരിനുമാത്രമാണെന്ന് പറയാം. അറവു മൃഗങ്ങളെത്തുന്ന ചന്ത കൊവിഡിനു ശേഷം ഓർമ്മയാകുന്ന അവസ്ഥയിലാണ്. ലോറിയിലെത്തുന്ന അറവുമാടുകളെ ഇപ്പോൾ ഇറച്ചിവില്പനക്കാർ ഫോൺ മുഖേന നേരിട്ടാണ് വാങ്ങുന്നതെന്ന് കച്ചവടക്കാർ പറയുന്നു.

ബസ് സ്റ്റാൻഡ് മാറ്റാൻ ശ്രമിച്ചു

ചന്ത ഇല്ലാതായി

തിരുവിതാംകൂറിന്റെ സ്ഥലം ആറ്റിങ്ങൽ നഗരസഭ കുത്തക പാട്ടം നൽകിരുന്ന കാലത്താണ് 1979 ൽ ചന്തയുടെ ഭാഗമായിരുന്ന ഭൂമിയിൽ നിന്നും നാലര ഏക്കർ വസ്തു സംസ്ഥാന കൃഷിഭവന്റെ നേതൃത്വത്തിൽ ആരംഭിച്ച കോക്കനാട്ട് കോംപ്ലക്സിന് നൽകിയത്. ബാക്കിയുള്ള അഞ്ചേക്കറോളം വസ്തുവിൽ തുടർന്നും കന്നുകാലിച്ചന്ത പ്രവർത്തിച്ചിരുന്നു. 2000ത്തിൽ നഗരസഭയും ആർ.ടി.ഒ അധികൃതരും ചേർന്ന് സ്വകാര്യ ബസ്‌സ്റ്റാൻഡ് ഇവിടേക്ക് മാറ്റാൻ ശ്രമിച്ചു. അതിനായി ലക്ഷങ്ങൾ ചെലവഴിച്ച് വിശ്രമകേന്ദ്രമടക്കം ഒന്നിലധികം കെട്ടിടങ്ങളും നിർമ്മിച്ചിരുന്നു. എന്നാൽ സ്വകാര്യ ബസ് ഉടമകളുടെ എതിർപ്പിനെ തുടർന്ന് ബസ്‌സ്റ്റാൻഡ് മാറ്റം ഉപേക്ഷിച്ചു. മുകളിൽ ബസ് സ്റ്റാൻഡ്, താഴെ കന്നുകാലിച്ചന്തയെന്ന സ്വപ്നം അതോടെ അവസാനിച്ചു.