തിരുവനന്തപുരം: യാത്രകൾ ലഹരിയാക്കിയവർ ഒത്തുകൂടിയത്,ഹിമാലയത്തിലും അതിനോട് ചേർന്നുള്ള അതിസാഹസിക മേഖലകളിലും യാത്ര ചെയ്തതിന്റെ അനുഭവങ്ങളുമായാണ്.കൂടാതെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചപ്പോൾ കണ്ട പച്ചയായ ജീവിതങ്ങളുടെ നേർക്കാഴ്ചകളും അവർ വിവരിച്ചു.
യൂത്ത് ഹോസ്റ്റൽസ് അസോസിയേഷൻ ഒഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ യാത്രികരുടെ സംഗമത്തിലാണ് പലതവണ ഹിമാലയത്തിലും രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലും വിദേശങ്ങളിലുമായി യാത്ര നടത്തിയവർ ഒത്തുച്ചേർന്നത്.
യാത്രികനും കഥാകൃത്തുമായ രാമചന്ദ്രൻ സാകേതം,വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥരായ പ്രമോദ്,അബ്ദുൾ സലാം,ഷുമില,അനിൽ തുടങ്ങിയവർ ഹിമാലയത്തിലും അതിന്റെ താഴ്വരകളിലുമുള്ള വിവിധ സ്ഥലങ്ങൾ സന്ദർശിച്ചതിനെക്കുറിച്ച് വിവരിച്ചു.
ഏഴ് ഭൂഖണ്ഡങ്ങളിലെ ഏറ്റവും ഉയർന്ന പർവതങ്ങൾ കീഴടക്കിയ ഷെയ്ക്ക് ഹസൻ ഖാൻ, താൻ അടുത്തിടെ അമേരിക്കയിലെ ഡെനാലി പർവതത്തിൽ കുടുങ്ങിപ്പോയതിനെയും ദിവസങ്ങൾക്ക് ശേഷം സാഹസികമായി രക്ഷപ്പെട്ടതിനെയും കുറിച്ച് വിശദമാക്കി. അടുത്തയാത്ര കൈലാസത്തിലേക്കാണെന്നും അദ്ദേഹം അറിയിച്ചു.യാത്രികരുടെ സംഗമത്തിന് യൂത്ത് ഹോസ്റ്റൽസ് അസോസിയഷൻ സംസ്ഥാന ചെയർമാൻ വി.ആർ.പ്രതാപൻ,സെക്രട്ടറി ജെ.ഷൈൻ,വർക്കല ചാപ്ടർ സെക്രട്ടറി എസ്.സജീവ് എന്നിവർ നേതൃത്വം നൽകി.