നെടുമങ്ങാട്: മലയോര റെയിൽവേ ലൈൻ യാഥാർത്ഥ്യമാക്കാൻ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ച് വിവിധ രാഷ്ട്രീയപ്പാർട്ടി പ്രവർത്തകരും ജനനേതാക്കളും കൈകോർത്തു. നിർദിഷ്ട അങ്കമാലി-ശബരി പാതയുടെ പുതുക്കിയ റൂട്ടിൽ നെടുമങ്ങാടിനെയും ഉൾപ്പെടുത്തിയ പശ്ചാത്തലത്തിൽ മലയോര റെയിൽ ഗതാഗത ആക്ഷൻ കൗൺസിൽ സംഘടിപ്പിച്ച സെമിനാറാണ് ജനകീയ കൂട്ടായ്മയ്ക്ക് വഴിമാറിയത്. അടൂർ പ്രകാശ് എം.പിയുടെ അദ്ധ്യക്ഷതയിൽ മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. മൊത്തം ചെലവിന്റെ അമ്പത് ശതമാനം സംസ്ഥാന സർക്കാർ ഏറ്റെടുക്കാൻ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് മൂന്നു തവണ കേന്ദ്ര റെയിൽ മന്ത്രിയെയും ബോർഡ് അധികാരികളെയും കണ്ടെന്നും ജി.ആർ.അനിൽ അറിയിച്ചു. പാർലമെന്റിനകത്തും പുറത്തും ശക്തമായി ഇടപെട്ടുവരികയാണെന്ന് അടൂർ പ്രകാശ് എം.പി പറഞ്ഞു.പ്രാരംഭ ഘട്ടം അങ്കമാലി വരെ പൂർത്തിയായിട്ടുണ്ടെന്നും നെടുമങ്ങാട്ടേക്ക് ദീർഘിപ്പിക്കാൻ രാഷ്ട്രീയ സമ്മർദ്ധം അനിവാര്യമാണെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. എ.എ റഹിം എം.പിയുടെ സന്ദേശം സി.പി.എം ഏരിയാ സെക്രട്ടറി കെ.പി.പ്രമോഷ് വായിച്ചു. എം.എൽ.എമാരായ ഡി.കെ.മുരളി,ഐ.ബി.സതീഷ്,ബി.ജെ.പി സംസ്ഥാന വക്താവ് ജെ.ആർ.പദ്മകുമാർ,സംസ്ഥാന കൗൺസിൽ അംഗം പൂവത്തൂർ ജയൻ,കോൺഗ്രസ് നേതാക്കളായ ബി.ആർ.എം ഷഫീർ,ആനാട് ജയൻ,എൻ.ബാജി, ടി.അർജ്ജുനൻ,സി.പി.ഐ മണ്ഡലം സെക്രട്ടറിമാരായ പാട്ടത്തിൽ ഷെരീഫ്,ഡി.എ.രജിത് ലാൽ,നഗരസഭ ചെയർപേഴ്സൺ സി.എസ്.ശ്രീജ,വൈസ് ചെയർമാൻ എസ്.രവീന്ദ്രൻ,ജില്ലാപഞ്ചായത്ത് അംഗം എസ്.സുനിത,ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എൻ.ശ്രീകല, എസ്.മിനി തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായ ആർ.ജയദേവൻ സ്വാഗതവും എസ്.അരുൺകുമാർ നന്ദിയും പറഞ്ഞു.