sadya

തിരുവനന്തപുരം: തൂശനിലയിൽ തുമ്പപ്പൂ ചോറുമായി സദ്യയൊരുക്കി ഓണത്തെ വരവേൽക്കാൻ നഗരത്തിലെ ഹോട്ടലുകൾ ഒരുങ്ങിക്കഴിഞ്ഞു. ഹോട്ടലിൽ പോയി കഴിക്കാനും വീട്ടിലേക്ക് സദ്യ ഓർഡർ ചെയ്യാനും സൗകര്യമുണ്ട്. ഇതിനുള്ള പ്രീ ബുക്കിംഗ് ആരംഭിച്ചു. ചോറ്,പച്ചടി, കിച്ചടി,കാളൻ...ഉൾപ്പെടെ വിഭവസമൃദ്ധമായ മെനുവാണ് ഹോട്ടലുകൾ മുന്നോട്ടുവയ്ക്കുന്നത്.

അന്യ ജില്ലകളിൽ നിന്ന് തിരുവനന്തപുരത്തെത്തുന്ന ധാരാളം പേർ കെ.ടി.ഡി.സിയുടെ മാസ്കോട്ട് ഹോട്ടലിലാണ് ഓണമുണ്ണുന്നത്. ഒരു ഇലയ്ക്ക് 1150 രൂപയാണ് വില. പാഴ്സലിന് 1499 രൂപയും. 50 പേരുടെ സംഘത്തിന് എല്ലാ സൗകര്യങ്ങളുമുള്ള ഹാൾ വിട്ടുനൽകും.അവിടെയും ഒരാൾക്ക് 1150 രൂപയാണ് വില.

രാജധാനിയുടെ പല്ലവ,ഇന്ദ്രപുരി,ചോള ഹോട്ടലുകളിലും ബുക്കിംഗ് ആരംഭിച്ചു.അഞ്ചുപേർക്കുള്ള കിറ്റിന് 2600 രൂപ വരെയാകും.

എല്ലാ ഹോട്ടലുകളിലും സദ്യയുണ്ട്. മദേഴ്സ് വെജ് പ്ലാസയിൽ പ്രീബുക്കിംഗ് ഇല്ല.ഡൈൻ ഇൻ 500രൂപയാണ്. പാഴ്സൽ രണ്ടുപേരുടെയും അഞ്ചുപേരുടെയും കോംബോ പാക്കുകളായാണ് നൽകുന്നത്.രണ്ടുപേർക്ക് 1480 രൂപയും അഞ്ചുപേർക്ക് 3600 രൂപയുമാണ് ചാർജ്.സ്വിഗ്ഗി,സൊമാറ്റോ വഴിയും സദ്യയെത്തിക്കും.വീണ്ടും ഉപയോഗിക്കാൻ സാധിക്കുന്ന പ്ലാസ്റ്റിക്ക് ജാറുകളിലാണ് സദ്യ പായ്ക്ക് ചെയ്യുന്നത്.

മെനു ഇൻസ്റ്റഗ്രാമിൽ

സമൂഹമാദ്ധ്യമങ്ങളിലൂടെയും ഹോട്ടൽ വെബ്സൈറ്റിലൂടെയും സദ്യയുടെ മെനു ഹോട്ടലുകൾ പുറത്തിറക്കി. ലാ കോളേജിന് സമീപം ലേ ലൂമിയർ ഹോട്ടലിൽ സെപ്തംബർ 1 മുതൽ 5 വരെ ഓണസദ്യയുടെ ബുക്കിംഗ് നടക്കും. വാഴയില,ഉപ്പ്,ഉപ്പേരി,നെയ്യ്,അച്ചാറുകൾ,വെള്ളം ഉൾപ്പെടെയുള്ള വിഭവസമൃദ്ധമായ സദ്യ ഹോട്ടലിലെത്തി കഴിക്കാം.പാഴ്സലുമുണ്ട്.

ഹോട്ടൽ ആര്യാസിൽ മൂന്ന് ദിവസത്തിനുള്ളിൽ ബുക്കിംഗ് ആരംഭിക്കും. ഹോട്ടലുകൾക്ക് പുറമെ,കാറ്ററിംഗ് സംഘങ്ങളും സദ്യയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി.ബോളി ഉൾപ്പെടെ ഒരു പായസമടങ്ങുന്ന സദ്യക്ക് 200 രൂപ,രണ്ട് പായസമെങ്കിൽ 250 രൂപ. മൂന്ന് പായസത്തിന് 280 രൂപ എന്നിങ്ങനെയാണ് ശരാശരി റേറ്റ്. മംഗല്യ കാറ്ററിംഗിൽ അ‌ഞ്ചുപേർക്കുള്ള സദ്യ അടങ്ങിയ കിറ്റിന് 3900 രൂപയാണ്.ആനന്ദം ഹോം കാറ്ററേഴ്സിൽ ബുക്കിൽ ഫുള്ളായി.അഞ്ചുപേരുടെ കിറ്റിന് മൂന്നിനം പായസങ്ങൾ സഹിതം 2500 രൂപയാണ് വില.

മാസ്കോട്ട് ഹോട്ടലിൽ - ഇലയ്ക്ക് - 1150 രൂപ,പാഴ്സൽ 1499 രൂപ

രാജധാനി-ഇലയ്ക്ക്- 450 രൂപ, പാഴ്സൽ 475 രൂപ

കാറ്ററിംഗ് - ഇലയ്ക്ക് 200 - 250 രൂപ വരെ

ലേ ലൂമിയർ - ഡൈൻ ഇൻ - 420 രൂപ, പാഴ്സൽ 470 രൂപ