ആര്യനാട്: നിറഞ്ഞ പുഞ്ചിരിയും സൗമ്യതയാർന്ന പെരുമാറ്റവും. നാട്ടുകാരുടെ പരാതികളും പരിഭവങ്ങളും കേട്ട് പരിഹാരമുണ്ടാക്കുന്ന മെമ്പർ ശ്രീജയുടെ അപ്രതീക്ഷിത വേർപാടിന്റെ നൊമ്പരത്തിലാണ് കോട്ടയ്ക്കകം ഗ്രാമവാസികൾ.
രാഷ്ട്രീയമോ സമുദായമോ നോക്കാതെ ജനകീയ പ്രശ്നങ്ങളിലും പരാതികളിലും ഇടപെടുന്ന ആര്യനാട് ഗ്രാമപഞ്ചായത്തംഗവും,മഹിളാ കോൺഗ്രസ് നേതാവുമായിരുന്ന ശ്രീജ അത്മഹത്യ ചെയ്യുമെന്ന് വിശ്വസിക്കാൻ ഇവർക്കാവുന്നില്ല.
വാർഡിലുള്ള ആർക്കും, എപ്പോൾ വേണമെങ്കിലും ശ്രീജയുടെ സേവനം ലഭിക്കുമായിരുന്നു. ഹൃദ്യമായ പെരുമാറ്റമാണ് മെമ്പറെ വാർഡിന്റെ ജനകീയ നേതാവാക്കിയത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ആര്യനാട് ഗ്രാമപഞ്ചായത്തിലെ കോട്ടയ്ക്കകം വാർഡിനെ ഇടത് മുന്നണിയിൽ നിന്ന് കോൺഗ്രസ് പിടിച്ചെടുത്തത് ശ്രീജയിലൂടെയായിരുന്നു. 400 ലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. അത്രയേറെ ജനകീയ പിന്തുണയായിരുന്നു ശ്രീജയ്‌ക്ക് ഉണ്ടായിരുന്നത്.
പഞ്ചായത്തിന്റെ പൊതുപരിപാടികളിലും,യു.ഡി.എഫിന്റെ പരിപാടികളിലും സജീവ സാന്നിദ്ധ്യമായിരുന്നു.
രണ്ട് പെൺമക്കളുടെ വിവാഹവുമായി ബന്ധപ്പെട്ടാണ് 20 ലക്ഷത്തോളം രൂപയുടെ കടബാദ്ധ്യതയുണ്ടായതെന്ന് ഭർത്താവ് ജയകുമാർ പറയുന്നു. തുടർന്ന് ഭർത്താവിന് അസുഖമായി ആശുപത്രിയിലായതോടെ സാമ്പത്തിക കെട്ടുറപ്പിന് ഉലച്ചിലുണ്ടായി. കടബാദ്ധ്യത തീർക്കാനായി വസ്തു വിൽക്കാനും ബാങ്ക് ലോൺ ശരിയാക്കുന്നതിനുമുള്ള ശ്രമത്തിനിടെയായിരുന്നു അപകീർത്തികരമായ സംഭവങ്ങളുണ്ടായത്.പ്രതിഷേധയോഗത്തിൽ സംസാരിച്ച നേതാക്കളിൽ ചിലർ അപകീർത്തികരമായ വിമർശനമാണ് ഉന്നയിച്ചിരുന്നത്. സഹിക്കാനാകാത്ത ഈ മാനസിക വ്യഥ കാരണം ഉറക്കം നഷ്ടപ്പെട്ടതോടെയാണ് പുലർച്ചെ കടുംകൈ ചെയ്യാൻ കാരണമായതെന്ന് ബന്ധുക്കൾ പറയുന്നു.