കോവളം: തിരുവല്ലം ജഡ്ജിക്കുന്നിൽ നാലംഗ സംഘത്തിന്റെ മർദ്ദനത്തിനിരയായ റഹീമിനെതിരെ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു.17കാരി നൽകിയ പരാതിയിലാണ് നേമം പൊലീസ് കേസെടുത്തത്. നെടുമങ്ങാട് അഴിക്കോട് സ്വദേശിയായ റഹീം (50) വെള്ളായണി കിരീടം പാലത്തിന് സമീപമുള്ള സ്ഥലങ്ങളിൽ പെൺകുട്ടിയെ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പരാതി.
ഇരുമ്പ് കമ്പി അടക്കമുള്ളവ ഉപയോഗിച്ച് നാലംഗ സംഘം നടത്തിയ ആക്രമണത്തിൽ വലതുകൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ റഹീം ഇപ്പോഴും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പെൺകുട്ടിയുമായി സംസാരിക്കുന്നതിനിടെയാണ് നാലുപേർ ചേർന്ന് റഹീമിനെ മർദ്ദിച്ചത്. അതേസമയം സംഭവത്തിൽ വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും,ഇതിനുശേഷം മാത്രമെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുകയുള്ളുവെന്നും നേമം പൊലീസ് പറഞ്ഞു.