മലയിൻകീഴ്: വഴികളായ വഴികളിലെല്ലാം മാലിന്യം, പൊറുതിമുട്ടി യാത്രക്കാരും പ്രദേശവാസികളും. ബണ്ട് റോഡ് ഉൾപ്പെടെയുള്ള ഇടങ്ങളിലെല്ലാം യാതൊരു നിയന്ത്രണവുമില്ലാതെയാണ് മാലിന്യനിക്ഷേപം. വഴിപോക്കരും വാഹന യാത്രക്കാരും നന്നേ ബുദ്ധിമുട്ടുന്നുണ്ട്.ചീനിവിള- പോങ്ങുംമൂട് റോഡിൽ ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും മാലിന്യപ്പൊതികളുടെ എണ്ണം വർദ്ധിക്കുകയാണ്. ഇതുവഴി പോകുന്നവരെല്ലാം മാലിന്യ ഗന്ധം ശ്വസിക്കേണ്ട ഗതികേടിലാണ്. വ്യാപക മാലിന്യ നിക്ഷേപത്തെ തുടർന്ന് നേരത്തെ മാറനല്ലൂർ പഞ്ചായത്ത് തൊഴിലുറപ്പ് തൊഴിലാളികളെക്കൊണ്ട് മാലിന്യം ദിവസങ്ങളെടുത്താണ് മാറ്റിയത്. എന്നാൽ വീണ്ടുമിപ്പോൾ മാലിന്യമായി ഈ പ്രദേശം മാറി. അണപ്പാട് പാലം കഴിഞ്ഞ് ആളൊഴിഞ്ഞ റോഡായതിനാൽ ഇവിടം മാലിന്യനിക്ഷേപം രൂക്ഷമാണ്.

 പ്രധാനകേന്ദ്രങ്ങൾ

അന്തിയൂർക്കോണം-മൂങ്ങോട് റോഡ്,

മലയിൻകീഴ്-ഊരൂട്ടമ്പലം റോഡ്

അന്തിയൂർക്കോണം -തച്ചോട്ടുകാവ് റോഡ്

 മാലിന്യനിക്ഷേപവും

ചാക്കുകളിലും കൂറ്റൻ കവറുകളിലുമായി കൊണ്ടിടുന്ന മാലിന്യപ്പൊതികൾ തെരുവ് നായ്ക്കൾ കടിച്ചുകീറി റോഡിൽ ഇടുന്നത് പതിവായിട്ടുണ്ട്. മാലിന്യപ്പൊതികളുമായി നായ്ക്കൾ കടിച്ചെടുത്ത് വഴികളിലൂടെ ഓടുന്നത് അപകടങ്ങൾക്കും കാരണമാകാറുണ്ട്. മലയിൻകീഴ് ഊരൂട്ടമ്പലം റോഡിലെ കൊടും വളവിൽ മാലിന്യനിക്ഷേപം വർദ്ധിക്കുകയാണ്. മാലിന്യ നിക്ഷേപത്തിനെതിരെ പഞ്ചായത്ത് സ്ഥാപിച്ചിരുന്ന ബോർഡിന് കീഴിലും മാലിന്യമിട്ട് ബോർഡ് നിലവിൽ മറിച്ചിട്ട നിലയിലാണ്. ഇരുചക്ര വാഹനയാത്രക്കാർ അപകടത്തിലാകുന്നതും പതിവാണിവിടെ. ശാന്തിനഗർ ആയുർവേദ ആശുപത്രിക്കു സമീപത്തെ പുരയിടത്തിൽ ചാക്കുകളിലാക്കി മാലിന്യം തള്ളുന്നതും വ്യാപകമായിട്ടുണ്ട്.

 അറുതിവരാതെ...

കുഴയ്ക്കാട്-ചീനിവിള ബണ്ട് റോഡിലും മാലിന്യം വ്യാപകമായിട്ടുണ്ട്. അഴുകിയ മാലിന്യത്തിൽ നിന്നുള്ള ഗന്ധം യാത്രക്കാർ സഹിച്ച് പോകണം. കുഴയ്ക്കാട് ക്ഷേത്രത്തിലെത്തുന്നവരും മാലിന്യ ഗന്ധം സഹിച്ച് പോകേണ്ട സ്ഥിതിയാണ്. ചാക്കുകളിലാക്കി കൊണ്ടിടുന്ന മാംസ-ഭക്ഷണാവശിഷ്ടങ്ങൾ ബണ്ടിൽ നിന്ന് തോട്ടിൽ വീണ് വെള്ളവും മലിനമാകാറുണ്ട്. മലയിൻകീഴ് ഗ്രാമപഞ്ചായത്തിലെ മേപ്പൂക്കട,ബ്ലോക്ക് ഓഫീസ് വാർഡുകളിലുൾപ്പെട്ട ഈ ഭാഗത്ത് ആൾവാസം കുറവായതിനാൽ സാമൂഹ്യവിരുദ്ധരുടെ ശല്യവുമുണ്ട്. മാലിന്യം നിക്ഷേപകരെ കണ്ടെത്താൻ വിവിധ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളും നാട്ടുകാരും പലവട്ടം ശ്രമിച്ചെങ്കിലും മാലിന്യ നിക്ഷേപത്തിന് അറുതി വരുന്നില്ല.