വിഴിഞ്ഞം: ജില്ലയിലെ ന്യൂനപക്ഷ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ശാക്തീകരണം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന 'മത്സ്യശക്തി പദ്ധതി' കോവളം ആനിമേഷൻ സെന്ററിൽ ഇന്ന് വൈകിട്ട് 3ന് നടക്കുന്ന സമ്മേളനത്തിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും.പ്രധാനമന്ത്രി വിരാസത് കാ സംവർദ്ധൻ (പി.എം.വികാസ്) സ്‌കീമിന് കീഴിലുള്ള പദ്ധതി നടപ്പിലാക്കുന്നത് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) വിഴിഞ്ഞം പ്രാദേശിക കേന്ദ്രമാണ്.കേരളത്തിൽ ന്യൂനപക്ഷ മത്സ്യത്തൊഴിലാളികൾ ഏറ്റവും കൂടുതലുള്ള തിരുവനന്തപുരം ജില്ലയിൽ അവരുടെ ഉപജീവനം മെച്ചപ്പെടുത്തുകയും ജീവിത നിലവാരം ഉയർത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയവും സി.എം.എഫ്.ആർ.ഐയും തമ്മിലുള്ള ധാരണാപത്രം ചടങ്ങിൽ കൈമാറും.സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ.ഗ്രിൻസൺ ജോർജ്,ന്യൂനപക്ഷകാര്യ മന്ത്രാലയത്തിലെ ഡെപ്യൂട്ടി സെക്രട്ടറി അങ്കുർ യാദവ് തുടങ്ങിയവർ പങ്കെടുക്കും.