ഓണം ലക്ഷ്യമിട്ട് ഇടത്തരക്കാരുടെ സാമ്പത്തിക പ്രതിസന്ധിയെ ചൂഷണം ചെയ്യുന്നു

വെഞ്ഞാറമൂട്: ഓണത്തിന് ഇടത്തരക്കാരുടെ സാമ്പത്തിക പ്രതിസന്ധി ചൂഷണം ചെയ്യാൻ വട്ടിപ്പലിശക്കാർ വീണ്ടും പിടിമുറുക്കുന്നു. ഓപ്പറേഷൻ കുബേര തുലാസിലായതോടെയാണ് വട്ടിപ്പലിശക്കാർ തലപൊക്കിത്തുടങ്ങിയത്. ഓൺലൈൻ വായ്പയുടെയും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെയും മറപറ്റിയാണ് ഇവർ അരങ്ങുവാഴുന്നത്.ഇത്തരം വായ്പാ സംഘങ്ങൾക്ക് പണം മടക്കിക്കൊടുക്കാൻ കഴിയാതെ വരുമ്പോഴാണ് കടമെടുത്ത സാധാരണക്കാർ കൊള്ളപ്പലിശയ്ക്ക് വട്ടിപ്പലിശക്കാരെ ആശ്രയിക്കേണ്ടിവരുന്നത്. ദിവസേന, ആഴ്ചയിൽ ഒന്ന്, മാസത്തിൽ ഒരിക്കൽ എന്നിങ്ങനെയാണ് വട്ടിപ്പലിശക്കാരുടെ പണപ്പിരിവ്.

തിരിച്ചടവ് മുടങ്ങിയാൽ മർദ്ദനം

തമിഴ്നാട്ടുകാർ വരെയുണ്ട്. തിരച്ചടവ് മുടങ്ങിയാൽ വീടുകളിൽ നേരിട്ടെത്തി ഭീഷണി മുഴക്കുന്നത് സ്ഥിരം പരിപാടിയാണ്. ബ്ലാങ്ക് ചെക്കുകൾ വാങ്ങി കള്ളക്കേസുകൾ സൃഷ്ടിച്ച് ഇടപാടുകാരിൽ നിന്ന് ഭീമമായ തുക കൈപ്പറ്റുന്ന സംഘങ്ങളും വസ്തു ഈടായി വാങ്ങി വൻ തുക നൽകുന്നവരും ഇക്കൂട്ടത്തിലുണ്ട്. ഭീമമായ പലിശയ്ക്ക് പണം നൽകിയ ശേഷം മടക്കി ലഭിക്കാതെ വരുമ്പോൾ ഗുണ്ടാ സംഘങ്ങളെ ഉപയോഗിച്ച് വീട്ടിലും വ്യാപാരസ്ഥാപനങ്ങളിലും കയറി മർദ്ദിക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

ജീവിതം വഴിമുട്ടിയവർക്കിടയിലേക്കാണ് സഹായഹസ്തവുമായി സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെത്തുന്നത്

 പ്രധാനമായും ഉന്നം വയ്ക്കുന്നത് സ്ത്രീകളെയാണ്

പലിശയും മുതലും കൃത്യമായി അടയ്ക്കുന്നവർക്ക് പൂർണമായി അടച്ചുതീരുന്നതിന് മുമ്പുതന്നെ വീണ്ടും വാഗ്ദാനം നൽകി വായ്പ കൈമാറും

 ഒപ്പമുണ്ട്, പൊലീസ്:

പലിശക്കാരുടെ ഭീഷണിയിൽ പേടിക്കരുത്. നിങ്ങളെ രക്ഷിക്കാൻ പൊലീസ് രംഗത്തുണ്ട്. ഇത്തരം വട്ടിപ്പലിശക്കാരെ തടയുന്നതിനും അന്വേഷണത്തിനും പ്രത്യേക വിംഗ് തന്നെ കേരള പൊലീസിലുണ്ട്. ക്രൈംബ്രാഞ്ചിനു കീഴിലാണ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പ്രവർത്തിക്കുന്നത്.

 ഓപ്പറേഷൻ കുബേര 2014ൽ തിരുവനന്തപുരം മണ്ണന്തലയിൽ കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് അഞ്ചംഗകുടുംബം ആത്മഹത്യ ചെയ്തതോടെയാണ് ആഭ്യന്തര വകുപ്പ് ഓപ്പറേഷൻ കുബേരയ്ക്ക് തുടക്കമിടുന്നത്. പൊലീസിൽ പ്രത്യേക വിഭാഗവും ഇതിനായി രൂപീകരിച്ചിട്ടുണ്ട്.