തിരുവനന്തപുരം: ആര്യനാട് പഞ്ചായത്തംഗം ശ്രീജയുടെ ആത്മഹത്യ സി.പി.എം സ്‌പോൺസേർഡ് കൊലപാതകമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. വാക്കുകൾ കൊണ്ട് ആരെയും കൊല്ലുന്ന സി.പി.എം ശൈലിയാണ് ശ്രീജയുടെയും ജീവനെടുത്തത്. നവീൻ ബാബുവിന്റെ ദാരുണ മരണത്തിന് ശേഷവും മനുഷ്യജീവന് വിലകൽപ്പിക്കാനോ പാഠം പഠിക്കാനോ സി.പി.എം തയ്യാറാകുന്നില്ല. ശ്രീജയ്ക്ക് അന്തിമോപചാരം അർപ്പിച്ച ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വലിയ ഭൂരിപക്ഷത്തിൽ ജയിച്ച ശ്രീജ മികച്ച പഞ്ചായത്തംഗവും പൊതുപ്രവർത്തകയുമായിരുന്നു. ആര്യനാട്ടെ സി.പി.എം നേതൃത്വവും പഞ്ചായത്ത് പ്രസിഡന്റും ശ്രീജയുടെ കടബാദ്ധ്യതകളെ പരസ്യമായി അവഹേളിച്ചു. ഇതേത്തുടർന്നുള്ള മനോവിഷമത്തിലാണ് ശ്രീജ ആത്മഹത്യ ചെയ്തത്. സംഭവത്തിൽ പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനും മുഖ്യമന്ത്രി പിണറായി വിജയനും മറുപടി പറയണം.
ശ്രീജയുടെ ഭർത്താവിന്റെ പരാതിയിൽ പൊലീസ് കേസെടുക്കണം. പി.പി. ദിവ്യയെ രക്ഷിക്കാൻ പിണറായി സർക്കാർ ശ്രമിച്ച അതേ മോഡൽ ഇടപെടലാണ് ആര്യനാട്ടും നടത്തുന്നത്. അത് അനുവദിക്കില്ല. ശ്രീജയുടെ കുടുംബത്തോടൊപ്പം കോൺഗ്രസുണ്ടാകുമെന്നും സണ്ണി ജോസഫ് പറഞ്ഞു.