തിരുവനന്തപുരം: ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവത്തിന്റെ സുവർണ ജൂബിലിയാഘോഷങ്ങളുടെ ഉദ്ഘാടനം സെപ്തംബർ 12ന് നടക്കും. ശ്രീവരാഹം ചെമ്പൈ മെമ്മോറിയൽ ട്രസ്റ്റ് ഹാളിൽ രാവിലെ 9ന് സംഗീതാർച്ചനയോടെ ജൂബിലിയാഘോഷങ്ങൾക്ക് തുടക്കമാവും. വൈകിട്ട് 5ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.ആന്റണി രാജു എം.എൽ.എ മുഖ്യാതിഥിയാവും. ദേവസ്വം ചെയർമാൻ വി.കെ.വിജയൻ അദ്ധ്യക്ഷത വഹിക്കും.ഗുരുവായൂർ ദേവസ്വം കമ്മീഷണർ എം.ജി.രാജമാണിക്കം വിശിഷ്‌ടാതിഥിയാകും. കവി വി.മധുസൂദനൻ നായർ ചെമ്പൈ അനുസ്‌മരണ പ്രഭാഷണം നടത്തും. മുതിർന്ന കർണാടക സംഗീജ്ഞരായ രുക്‌മിണി ഗോപാലകൃഷ്‌ണൻ,ലളിതാ ഗോപാലൻ നായർ,പി.ആർ.കുമാരകേരള വർമ്മ, ചേർത്തല എ.കെ.രാമചന്ദ്രൻ എന്നിവരെ ചടങ്ങിൽ ആദരിക്കും.
തുടർന്ന് കർണാടക സംഗീതജ്ഞൻ വിഘ്‌നേഷ് ഈശ്വർ കച്ചേരി അവതരിപ്പിക്കും.15ന് വൈക്കം മഹാദേവക്ഷേത്ര സന്നിധിയിൽ നടക്കുന്ന ജൂബിലിയാഘോഷങ്ങളുടെ ഉദ്ഘാടനം ചീഫ് വിപ്പ് എൻ.ജയരാജ് നിർവഹിക്കും. സി.കെ.ആശ എം.എൽ.എ മുഖ്യാതിഥിയും,തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് വിശിഷ്‌ടാതിഥിയുമായി പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഗുരുവായൂർ ദേവസ്വം ചെയർമാൻ വി.കെ.വിജയൻ,ഭരണസമിതിയംഗം കെ.എസ്.ബാലഗോപാൽ,സുവർണജൂബിലി സ്വാഗതസംഘം കൺവീനർ വൈക്കം വേണുഗോപാൽ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.