photo

പാലോട്: ചോർന്നൊലിച്ച കൂരയ്ക്ക് കീഴെ പട്ടികളും പൂച്ചകളുമായി അന്തിയുറങ്ങുന്ന സുമതിയമ്മയുടെ കഥയറിഞ്ഞ് സഹായിക്കാൻ കൗമുദി ടി.വി സംഘം പാലുവള്ളിയിലെത്തി. കേരള കൗമുദി പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്ന് കൗമുദി ചാനലിന്റെ ഓ മൈ ഗോഡ് പ്രോഗ്രാം സംഘം എത്തിയത് സർപ്രൈസും സഹായങ്ങളുമായാണ്. അമേരിക്കയിൽ നിന്ന് വന്ന മലയാളി സ്ത്രീകൾ സഹായം നൽകാനാണെന്ന് പറഞ്ഞ് കുടിലിലേയ്ക്ക് എത്തുന്നതാണ് പ്രോഗ്രാമിൽ ആദ്യം നടന്നത്. അവിടെയെത്തിയ സ്ത്രീകളോട് സുമതിയമ്മ തന്റെ ജീവിത കഥ വിവരിച്ചു. അപ്പോഴേയ്ക്കും ഓ മൈ ഗോഡ് സംഘത്തിലെ പ്രധാനി സാബു പ്ലാങ്കവിളയും സംഘവുമെത്തി. അമ്മൂമ്മയ്ക്ക് ഈ സഹായത്തിന്റെ ആവശ്യമില്ലെന്ന് പറഞ്ഞ് സംഘം സഹായം തിരികെ വാങ്ങാനൊരുങ്ങുമ്പോൾ സുമതിയമ്മ വൈലന്റായി. ഒളിപ്പിച്ചു വച്ച ക്യാമറകളിൽ ഇതെല്ലാം ഒപ്പിയെടുത്തു. തുടർന്ന് ഇതൊരു സർപ്രൈസാണെന്ന് ടീം അംഗങ്ങൾ അറിയിച്ച ശേഷം അമ്മൂമ്മയ്ക്ക് ഓണക്കോടി നൽകി. അപ്പോഴേയ്ക്കും ശ്രീഭദ്രാ കലാസമിതിയുടെ കൈകൊട്ടി സംഘമെത്തി. അവർ പാട്ടുപാടി കുടിലിന് മുന്നിൽ നൃത്തം വച്ചു. തുടർന്ന് സുമദിയമ്മയ്ക്കായി ഓണസദ്യ ഒരുക്കി. നാട്ടുകാരും ക്ഷണിക്കപ്പെട്ട അതിഥികളുമൊക്കെ സുമതിയമ്മയ്ക്കൊപ്പം ഓണ സദ്യ ഉണ്ണാമെത്തി. അപ്പോഴേയ്ക്കും ചോർന്നൊലിക്കുന്ന വീടിന് മുകളിൽ ടാർപ്പോളിൻ ഷീറ്റ് വിരിച്ചു. പുതിയ കട്ടിലും മെത്തയും ഉൾപ്പടെ വീട്ടുപകരണങ്ങളും എല്ലാം നിരന്നു. ഓണമുണ്ണാനും തുടർന്നുള്ള ദിവസങ്ങളിൽ കഴിക്കാനുമുള്ള ഭക്ഷ്യ വിഭവങ്ങൾ അടങ്ങിയ കിറ്റുകൾ കൗമുദി ടിവി സംഘം നൽകി. ഒരിക്കലും പ്രതീക്ഷിക്കാത്ത ഈ സർപ്രൈസിൽ സുമതിയമ്മ സന്തോഷം കൊണ്ടൊരു നാടൻ പാട്ടുപാടി. സുമതിയമ്മ നിറകണ്ണുകളോടെ ദൈവത്തിന് നന്ദിപറഞ്ഞു. തിരുവോണ ദിവസം കൗമുദി ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ഓ മൈ ഗോഡിന്റെ പ്രത്യേക എപ്പിസോഡിലൂടെ ഈ സർപ്രൈസും കൂടെ വന്ന സൗഭാഗ്യങ്ങളുടേയും കാഴ്ചകളും പ്രേക്ഷകർക്ക് കാണാം.