vallakkaadav-

വർക്കല: പാപനാശം കുന്നുകളുടെ ഭാഗമായ വള്ളക്കടവ്, ചിലക്കൂർ പ്രദേശത്തെ കുന്നുകൾ ഇടിച്ചുനിരത്തുന്നത് തുടരുന്നതായി പരാതി. വള്ളക്കടവിന് സമീപത്തെ കുന്നുകളും കടലോര പുറമ്പോക്ക് സ്ഥലങ്ങളും ഉൾപ്പെടുന്ന പ്രദേശം സ്വകാര്യവ്യക്തി കൈയേറി കുന്നിടിച്ച് നിരത്തി വഴിവെട്ടിയതായും റിസോർട്ട് നിർമ്മാണത്തിനൊരുങ്ങുന്നതായും കാട്ടി ജനപ്രതിനിധികളും പ്രകൃതി സ്നേഹികളും വർക്കല തഹസിൽദാർക്ക് പരാതി നൽകി. ആളൊഴിഞ്ഞ പ്രദേശമായതിനാൽ ജെ.സി.ബിയും മറ്റ് യന്ത്രസാമഗ്രികളും ഉപയോഗിച്ച് നടത്തിയ നിർമ്മാണ പ്രവർത്തനങ്ങൾ ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. കൗൺസിലർ അഡ്വ.ആർ.അനിൽകുമാർ തഹസിൽദാർക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ തഹസിൽദാർ സ്ഥലത്തെത്തി പരിശോധന നടത്തി. കുന്നിടിച്ച് നിരത്തിയ ജെ.സി.ബി ഡ്രൈവറെ വിളിച്ചുവരുത്തി തഹസിൽദാർ മൊഴി രേഖപ്പെടുത്തി. കളക്ടർക്ക് റിപ്പോർട്ട് നൽകുമെന്നും തുടർന്ന് കളക്ടറുടെ നിർദ്ദേശപ്രകാരം നിയമനടപടികൾ സ്വീകരിക്കുമെന്നും തഹസിൽദാർ പറഞ്ഞു.


സ്ഥിതി വിലയിരുത്തി

തഹസിൽദാരുടെ സ്റ്റേ ലംഘിച്ച് ചിലക്കൂർ കുന്നുകൾ ഇടിച്ചുനിരത്തുന്നത് തുടരുന്നുവെന്ന പരാതിയിൽ കുന്നുകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് നിലവിലെ സ്ഥിതി വിലയിരുത്തി ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ (ജി.എസ്.ഐ). വെട്ടൂർ പഞ്ചായത്ത് പരിധിയിൽ ചിലക്കൂർ മുസ്ലിം ജമാഅത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ കൈവശമുള്ള ഭൂമിയും പാപനാശം കുന്നിനോട് ചേർന്നുള്ള പുറമ്പോക്ക് പ്രദേശങ്ങളും ഉൾപ്പെടുന്ന ഏതാണ്ട് 2.5ഏക്കറിലധികം പ്രദേശം മാസങ്ങൾക്കുള്ളിൽ ഇടിച്ചുനിരത്തിയെന്നാണ് നാട്ടുകാർ പറയുന്നത്. സമീപത്തെ ഡോക്ടറുടെ വസ്തുവിലേക്കുള്ള വഴിയും കൈയേറിക്കൊണ്ടാണ് കൈയേറ്റം. പഞ്ചായത്തും തഹസിൽദാരും വിഷയത്തിൽ ഇടപെടുകയും തുടർപ്രവർത്തനങ്ങൾ തടഞ്ഞുകൊണ്ട് സ്റ്റേ നോട്ടീസ് വസ്‌തു ഉടമയ്‌ക്ക് നൽകുകയും ചെയ്‌തിരുന്നു.

കുന്നിടിക്കൽ അപകട

ഭീഷണിയുയർത്തുന്നു

ചിലക്കൂർ മുസ്ലിം ജമാഅത്തിന്റെ പിറകിലായി തീർത്തും അപകടകരമായ രീതിയിലാണ് കുന്നിടിച്ചിട്ടുള്ളത്. 15 മീറ്ററോളം താഴ്ചയിൽ കുന്നിടിച്ച് മണ്ണ് മാറ്റിയിട്ടുണ്ട്. പള്ളിയോട് ചേർന്നുള്ള കബർസ്ഥാനിന്റെ ഭാഗം ശക്തമായ മഴയിൽ ഇടിഞ്ഞുവീഴാൻ സാദ്ധ്യതയേറും വിധത്തിൽ മണ്ണ് നീക്കം ചെയ്തിട്ടുണ്ട്. സ്റ്റേ ലംഘിച്ച് മണ്ണിടിച്ചതിൽ പ്രതിഷേധമുണ്ടായിട്ടും പൊലീസ് കേസെടുത്തിട്ടില്ലെന്നും മുസ്ളിംലീഗിന്റെ പ്രാദേശിക നേതാവാണ് കൈയേറ്റം നടത്തിയതെന്നും രാഷ്ട്രീയ ഇടപെടലുകളാണ് പൊലീസ് നടപടികൾ കൈക്കൊള്ളാത്തതിന് കാരണമെന്നും നാട്ടുകാർ ആരോപിച്ചിരുന്നു. കൈയേറ്റം നടത്തിയ ഭൂമിയിൽ സ്വകാര്യ വ്യക്തി റിസോർട്ട് നിർമ്മാണത്തിന്റെ ജോലികളും ഇതിനകം ആരംഭിച്ചിട്ടുണ്ട്.