സമരം 200 ദിവസം പിന്നിട്ടു

തിരുവനന്തപുരം:സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന രാപകൽ സമരത്തിന്റെ 200 -ാം ദിനമായ ഇന്നലെ അത്തപ്പൂക്കളത്തിന് പകരം പട്ടിണിക്കളമിട്ട് പ്രതിഷേധിച്ച് ആശാവർക്കർമാർ.അരിയും മുളകുമിട്ട കഞ്ഞിപ്പാത്രങ്ങൾ നിരത്തിയാണ് പട്ടിണിക്കളമൊരുക്കിയത്.

ഓണക്കാലത്ത് പോലും അവകാശങ്ങൾക്കായി തെരുവിലിരിക്കേണ്ടി വരുന്നതിലായിരുന്നു പ്രതിഷേധം. ആശമാരുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചിട്ടും, ഓണറേറിയം 21,000 രൂപയായി വർദ്ധിപ്പിക്കാനുള്ള നടപടികൾ സർക്കാർ പ്രഖ്യാപിക്കാത്തത് പ്രതിഷേധാർഹമാണെന്ന് ആശമാർ പറയുന്നു. ഓണറേറിയം വർദ്ധനവ്, വിരമിക്കൽ ആനുകൂല്യം എന്നിവ നേടുംവരെ സമരവുമായി മുന്നോട്ടു പോകാനുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് കേരള ആശാഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ.ഇനിയെങ്കിലും സർക്കാർ നീതിപൂർവമായ നടപടി സ്വീകരിക്കണമെന്ന് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് എസ്.മിനി ആവശ്യപ്പെട്ടു.

ഓണവും സമരപ്പന്തലിൽ

ഉത്രാടദിനത്തിൽ ഓണസദ്യ

സർക്കാർ ആവശ്യങ്ങൾ അംഗീകരിക്കാത്ത സാഹചര്യത്തിൽ ഓണാഘോഷവും സമരപ്പന്തലിൽ നടത്താനാണ് ആശമാരുടെ തീരുമാനം.ആശാ സമരത്തിന് പിന്തുണയുമായി ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ഉത്രാടദിനത്തിൽ സമരപ്പന്തലിൽ ആശമാർക്ക് സദ്യയൊരുക്കും.