പാലോട്: ഓണക്കാല തിരക്കുകൾ ആരംഭിച്ചതോടെ പാലോട് കുശവൂർ ജംഗ്ഷനിൽ വാഹന പാർക്കിംഗ് തോന്നും പടിയായി. മടത്തറ റോഡിൽ ഇരുവശവും പാർക്കിംഗാണ്. വാഹന പാർക്കിംഗും ഗതാഗതകുരുക്കും ഒഴിവാക്കാൻ പാലോട് കുശവുരിൽ പൊലീസിന്റെ നേതൃത്വത്തിൽ സ്ഥാപിച്ച നോ പാർക്കിംഗ് ബോർഡുകളോട് നോ പറഞ്ഞാണ് അനധികൃത പാർക്കിംഗുകൾ.

പൊലീസ് മുൻകൈയെടുത്ത് സ്ഥാപിച്ച ബോർഡുകൾ നോക്കുകുത്തിയാക്കിയാണ് അനധികൃത പാർക്കിംഗ്. പാലോട് കുശവുർ ജംഗ്ഷനിൽ നിരവധി ചർച്ചകൾക്കൊടുവിലാണ് ബോർഡുകൾ സ്ഥാപിച്ചത്. എന്നാൽ കടകളിലെ സ്റ്റാഫുകൾ തന്നെ ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ തുടങ്ങിയതിൽ പിന്നെ മുഴുവൻ പേരും പാർക്കിംഗ് റോഡിലാക്കി. സ്കൂളുകളും, കോളേജുകളും, ഓഫീസും വിട്ടാൽ ഇവിടെ ഗതാഗതക്കുരുക്ക് രൂക്ഷമാകും. വാഹനങ്ങൾ നടപ്പാത കൈയേറി തലങ്ങും വിലങ്ങും പാർക്കു ചെയ്യുന്നതോടെ കാൽ നടയാത്രക്കാർ റോഡിലിറങ്ങി സാഹസികമായി സഞ്ചരിക്കേണ്ട അവസ്ഥയാണ്.

ഗതാഗതക്കുരുക്ക് രൂക്ഷം

ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നതിൽ പ്രധാന പങ്കും പ്രൈവറ്റ് ബസുകൾക്കാണ്. ബസുകളിൽ യാത്രക്കാരെ ഇറക്കുന്നത് നടുറോഡിൽ വാഹനം നിറുത്തിയാണ്. അനുവദിച്ച് നൽകിയിട്ടുള്ള ഓട്ടോസ്റ്റാൻഡിലെ ചില ഓട്ടോറിക്ഷകളുടെ പാർക്കിംഗും തോന്നും പടിയാണ്. ജീപ്പ് സ്റ്റാൻഡിന്റെ കാര്യവും ഏതാണ്ട് ഇതുതന്നെയാണ്. കച്ചവട സ്ഥാപനങ്ങളിൽ സാധനം വാങ്ങാനെത്തുന്നവരല്ല യഥാർത്ഥ പ്രതിസന്ധി, വാഹനം പാർക്ക് ചെയ്തിട്ട് മണിക്കൂറുകൾ കഴിഞ്ഞ് വരുന്നവരാണ്.

അനധികൃത വാഹന പാർക്കിംഗ്

കെ.എസ്.ആർ.ടി.സി പഴയ ഡിപ്പോയുടെ സമീപമുള്ള പാലവും സമീപ പ്രദേശങ്ങളും അനധികൃത വാഹന പാർക്കിംഗ് കാരണം അപകടക്കെണിയായി മാറിയിട്ടും നടപടിയില്ലെന്ന് ആക്ഷേപമുണ്ട്. പാലത്തിന് സമീപത്തുതന്നെയുള്ള ബിവറേജസ് ഔട്ട്‌ലെറ്റിലെത്തുന്ന വാഹനങ്ങളാണ് അപകടത്തിന് കാരണമാകുന്നത്.

മദ്യപരും ശല്യക്കാർ

മദ്യം വാങ്ങി സമീപത്തു തന്നെയുള്ള സ്ഥലങ്ങളിൽ ഇരുന്നുള്ള മദ്യപാനവും നിത്യസംഭവമാണ്. പാലത്തിനു സമീപത്തുള്ള പഴയ കെ.എസ്.ആർ.ടിസിയുടെ കെട്ടിടവും മദ്യപരുടെ സ്ഥിരം സങ്കേതമായിട്ടുണ്ട്. മദ്യം വാങ്ങാനെത്തുന്നവരുടെ ശല്യം കാരണം ഇതുവഴി ആർക്കും സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യമാണ്. പാലോട് പൊലീസിന്റെ ഭാഗത്തുനിന്ന് അടിയന്തര നടപടികൾ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.