തിരുവനന്തപുരം: പതിവ് തെറ്റിക്കാതെ നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരമെന്നപ്പോലെ കോട്ടൂർ മലയിലെ കാണിസമൂഹം ഓണക്കാഴ്ചയുമായി കവടിയാർ കൊട്ടാരത്തിലെത്തി. പാരമ്പര്യമായി തുടരുന്ന ആചാരത്തിന് ലോപം വരാതെ കൊട്ടാരവൃത്തങ്ങൾ കാണിക്കാരെ സ്വീകരിച്ചു. ഊഞ്ഞാലും ആദരവുമായി അവർ മടങ്ങി.
ഇന്നലെ രാവിലെയാണ് കവടിയാർ കൊട്ടാരത്തിലേക്ക് അഗസ്ത്യാർ കൂടത്തിൽ നിന്നും കന്യാകുമാരി പേച്ചിപ്പാറയിലെ വിവിധ കാണി സെറ്റിൽമെന്റുകളിൽ നിന്നും തിരുവോണ വിശേഷവുമായി കാണിക്കാരെത്തിയത്.
കോട്ടൂർ മുണ്ടണി മാടൻ തമ്പുരാൻ ക്ഷേത്രത്തിന്റെ നേതൃത്വത്തിലാണ് ചടങ്ങ് നടന്നത്. മലദേവതകളെ പൂജിച്ച ശേഷമാണ് സംഘം നഗരത്തിലെത്തിയത്. മുളംകുറ്റിയിൽ നിറച്ച കാട്ടുചെറുതേൻ,ഈറ്റയിലും ചൂരലിലും തീർത്ത പെട്ടികൾ,പൂക്കൂടകൾ,കാട്ടുകുന്തിരിക്കം,മറ്റ് കാർഷിക വിഭവങ്ങൾ എന്നിവ കാഴ്ചവസ്തുക്കളായി കൊണ്ടുവന്നു.
പൂയം തിരുനാൾ ഗൗരി പാർവതിബായി, അശ്വതിതിരുനാൾ ഗൗരി ലക്ഷ്മിബായി,ആദിത്യവർമ എന്നിവരുടെ നേതൃത്വത്തിൽ ഇവരെ സ്വീകരിച്ചു. കൊട്ടാരമുറ്റത്ത് കാട്ടുവള്ളി കൊണ്ട് ഇവർ ഊഞ്ഞാൽ തീർത്തു. ശ്രീപദ്മനാഭസ്വാമി ക്ഷേത്രദർശനത്തിനു ശേഷം, ചിത്തിരതിരുനാളിന്റെ സ്മൃതിഭൂമിയായ പഞ്ചവടിയിൽ തൊഴുതിട്ടാണ് ഇവർ കൊട്ടാരത്തിൽ പ്രവേശിച്ചത്. മാർത്താണ്ഡവർമ്മയെ ശത്രുക്കളിൽ നിന്ന് രക്ഷിക്കാൻ വനപ്രദേശത്ത് താവളമൊരുക്കിയതിന്റെ സ്മരണാർത്ഥമാണ് കൊട്ടാരത്തിലേക്കുള്ള കാണി സമൂഹത്തിന്റെ കാഴ്ചവിരുന്ന് നടക്കുന്നത്. കോട്ടൂർ മുണ്ടണി ക്ഷേത്രട്രസ്റ്റി ആർ.വിനോദ്കുമാറിന്റെ നേതൃത്വത്തിൽ കുട്ടികളടക്കം 140 ഓളം പേരാണ് സംഘത്തിലുണ്ടായിരുന്നത്. ശംഖുംമുഖം ആറാട്ടുകടവും സന്ദർശിച്ചശേഷം സംഘം കോട്ടൂരിലെ ഊരുകളിലേക്ക് മടങ്ങി.