general

ബാലരാമപുരം: പള്ളിച്ചൽ പഞ്ചായത്തിൽ ഓണം വാരാഘോഷങ്ങൾക്ക് ശ്രദ്ധേയവേദിയായി മുടവൂർപ്പാറ വെട്ടുബലിക്കുളം. കാടും വള്ളിപ്പടർപ്പുകളും ചെളിക്കെട്ടുമായി ശോച്യാവസ്ഥയിലായ വെട്ടുബലിക്കുളം ഇറിഗേഷൻ വകുപ്പിന്റേതുൾപ്പെടെ മുപ്പത് ലക്ഷത്തിൽപ്പരം രൂപ ചെലവിട്ടാണ് പുതുമോടിയാക്കി മാറ്റി ഓണാഘോഷ കലാവിരുന്നുകൾക്ക് വേദിയാകുന്നത്.

കുളത്തിലെ ചെളിക്കെട്ട് പൂർണായും നീക്കം ചെയ്ത് സൈഡിൽ ഇരുമ്പുവേലി തീർത്ത് നവീകരിച്ച ശേഷമാണ് ഓണാഘോഷത്തിനായി കുളം തുറന്നുകൊടുക്കുന്നത്. പൂങ്കോട്ടമ്മയുടെ ആറാട്ട് കടവും വെട്ടുബലിക്കുളത്തിന് സമീപമാണ്. താന്നിവിള,​ നരുവാമൂട് രണ്ട് പ്രാദേശിക ഓണാഘോഷ വേദിയും പള്ളിച്ചൽ പഞ്ചായത്തിന് അനുവദിച്ചതോടെ ആഘോഷങ്ങൾക്ക് കൂടുതൽ മിഴിവേകും. സ്വരജതിയുടേയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കൽ ഡാൻസ് കോട്ടക്കകം ടീമിന്റെ സംഗീതനൃത്തസമന്വയ നൃത്തസംഗീതവിരുന്നുകൾ താന്നിവിള,​ നരുവാമൂട് ഓണാഘോഷ വേദികളിൽ നടക്കും. വെട്ടുബലിക്കുളത്തിനു സമീപമാണ് കലാവിരുന്നിന് പന്തൽ ഒരുങ്ങുന്നത്.

ബോട്ട് സർവീസ് തുടങ്ങും

പകൽ ബോട്ട് സർവീസും രാത്രി കലാസന്ധ്യയും എന്നിങ്ങനെയാണ് ടൂറിസം വകുപ്പിന്റെ വാരാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. കുടുംബശ്രീ സ്റ്റാളും ഒപ്പം ചേരുന്നതോടെ ഓണാഘോഷം കൂടുതൽ കളർഫുളാകും. സെപ്തംബർ 3 മുതൽ വെട്ടുബലിക്കുളത്തിൽ സന്ദർശകർക്കായി ബോട്ട് സർവീസ് തുടങ്ങും. കുട്ടികൾക്ക് 20 രൂപയും മുതിർന്നവർക്ക് 30 രൂപയുമാണ് ഫീസ്. സ്പെഷ്യൽ ലൈഫ് ഗാർഡുകളും ബോട്ട് സർവീസിന് സുരക്ഷയൊരുക്കും. ജില്ലയിൽ നിന്നും ആയിരക്കണക്കിന് ആൾക്കാരാണ് വെട്ടുബലിക്കുളത്തെ ഓണാഘോഷങ്ങളിൽ പങ്കെടുക്കാനെത്തുന്നത്.

ഓണാഘോഷത്തിന് തുടക്കമാവും

ഓണം വാരാഘോഷ ഘോഷയാത്ര കൂടുതൽ വൈവിദ്ധ്യമാർന്ന പരിപാടികളോടെ ശ്രദ്ധേയമാക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം. രണ്ടിന് നരുവാമൂട് ജംഗ്ഷനിൽ നിന്നും അരിക്കടമുക്കിലേക്കുള്ള സാംസ്കാരിക ഘോഷയാത്രയോടെ ഈ വർഷത്തെ ഓണം വാരാഘോഷത്തിന് തുടക്കമാവും.