പാറശാല: പാറശാല താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയിലെ പുതിയ ബഹുനില മന്ദിരത്തിന്റെയും ഡയാലിസിസ് യൂണിറ്റിന്റെയും ഉദ്ഘടനം ഇന്ന് വൈകിട്ട് 3ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
മന്ത്രി വീണാ ജോർജ് അദ്ധ്യക്ഷയാകും. ഡോ.ശശി തരൂർ എം.പി, എം.എൽ.എമാരായ കെ.ആൻസലൻ, എം.വിൻസന്റ്, വി.ജോയി, അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ എൻ.ഖോബ്രാഗഡെ എന്നിവർ മുഖ്യാതിഥികളാകും. സി.കെ.ഹരീന്ദ്രൻ എം.എൽ.എ സ്വാഗതം പറയും. ജില്ലാ പഞ്ചായത്ത് അംഗം ഡി.സുരേഷ് ബാബു, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻഡാർവിൻ, മറ്റ് ത്രിതല പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ കക്ഷി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.
20 ഒ.പി റൂമുകൾ, ഒബ്‌സർവേഷൻ വാർഡിൽ ഉൾപ്പെടെ 24 ബെഡുകൾ, 21 ഐ.സി ബെഡുകൾ, മൂന്ന് ഓപ്പറേഷൻ തിയേറ്ററുകൾ, അത്യാധുനിക രീതിയിലുള്ള അഗ്നിസുരക്ഷാ സംവിധാനം, എലിവേറ്റർ, ലിഫ്റ്റ് സംവിധാനങ്ങൾ, അപായ സൂചന സംവിധാനം, മെഡിക്കൽ ഗ്യാസ് പ്ലാന്റ്, ക്ലോസ്ഡ് സർക്യൂട്ട് ക്യാമറ സംവിധാനം എന്നിവ പുതിയ മന്ദിരത്തിൽ ഒരുക്കിയിട്ടുണ്ട്. പുതിയ ഡയാലിസിസ് യൂണിറ്റ് ആരംഭിക്കുന്നതോടെ ദിവസേന 40പേർക്ക് ഡയാലിസിസ് ചെയ്യാനാകും.