തിരുവനന്തപുരം: ഉള്ളൂർ നഗരസഭ വാർഡ് പരിധിയിലുള്ള കൊച്ചുള്ളൂർ,പോങ്ങുംമൂട് പഴയ റോഡിന് ഇരുവശത്തുമുള്ള നൂറിലേറെ വീടുകളിൽ കുടിവെള്ള ക്ഷാമം രൂക്ഷമെന്ന് പരാതി. വാട്ടർ അതോറിട്ടി പോങ്ങുംമൂട് പമ്പ് ഹൗസിന് പിറകിലാണ് ഈ പ്രദേശം. പ്രാഥമികാവശ്യങ്ങൾക്ക് മാത്രമല്ല, ഭക്ഷണം കഴിച്ചിട്ട് കൈ കഴുകാൻ പോലും വെള്ളമില്ലാത്ത അവസ്ഥയാണ് മിക്ക വീടുകളിലുമെന്ന് നാട്ടുകാർ പറയുന്നു.
പൊങ്ങുംമൂട് വാട്ടർ അതോറിട്ടി അധികൃതരോട് പലതവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ല. ഡ്രെയിനേജ് പൈപ്പ് സ്ഥാപിച്ച ശേഷമാണ് പ്രശ്നം രൂക്ഷമായത്. പോങ്ങുംമൂട് പ്രധാന റോഡിലെ ബോറിംഗ് പോയിന്റ് അടഞ്ഞുപോയതാണ് പ്രശ്നമെന്നാണ് അധികൃതരുടെ വാദം. എന്നാൽ പ്രശ്നം പരിഹരിക്കാൻ ഇതുവരെ നടപടിയെടുത്തിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. കുടിവെള്ളക്ഷാമം പരിഹരിക്കാൻ അടിയന്തര നടപടിയെടുക്കണമെന്ന് റോസ് ഗാർഡന്റ്സ് റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.ശ്രീകണ്ഠൻ,സെക്രട്ടറി എൻ.സുരേന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു.