തിരുവനന്തപുരം: അതീവ സുരക്ഷാമേഖലയായ ചാക്കയിലെ ബ്രഹ്മോസിന്റെ പരിസരത്തുനിന്ന് ബംഗ്ലാദേശ് സ്വദേശി പിടിയിൽ. പ്രണോബ് ഗ‌ർമ്മി (31) എന്നയാളാണ് പിടിയിലായത്. പശ്ചിമ ബംഗാൾ സ്വദേശിയായ പ്രൊണോയ് റോയി എന്ന പേരിലാണ് ഇയാൾ കേരളത്തിലെത്തിയത്. ഒരു മാസമായി കൊച്ചുവേളിയിൽ ഇതര സംസ്ഥാനക്കാർക്കൊപ്പം താമസിക്കുകയും ജോലി ചെയ്യുകയുമായിരുന്നു. ബ്രഹ്മോസിന്റെ പരിസരങ്ങളിലായി ചെറിയ ജോലികൾ ചെയ്തിരുന്നു. അതിനിടയിലാണ് രഹസ്യ വിവരത്തെ തുടർന്ന് ഇയാളെ പേട്ട പൊലീസ് പിടികൂടിയത്.

പൊലീസ് നടത്തിയ പരിശോധനയിൽ ആധാറിലെയും പാസ്പോർട്ടിലെയും പേര് അടക്കമുള്ള വിവരങ്ങൾ പലതാണെന്ന് കണ്ടെത്തി. പ്രൊണോയി റോയി എന്ന പേരും ജനന വർഷം 2007 എന്നുമാണ് ആധാറിലുള്ളത്. പശ്ചിമ ബംഗാളിൽ നിന്നുള്ള ഒരു ബർത്ത് സർട്ടിഫിക്കറ്റും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, പാസ്പോർട്ടിൽ ബംഗ്ലാദേശ് സ്വദേശിയാണെന്നും 1994ൽ ജനിച്ചതാണെന്നും പറയുന്നു. പാസ്പോർട്ടിന്റെ കാലാവധി കഴിഞ്ഞതാണെന്നും പൊലീസ് അധികൃതർ പറയുന്നു. ബ്രഹ്മോസിന്റെയും വിമാനത്താവളത്തിന്റെയും പരിസരത്തുനിന്ന് സംശയാസ്പദമായ രീതിയിൽ വിദേശിയായ ഒരാളെ പിടികൂടിയത് വലിയ ഗൗരവത്തോടെയാണ് അധികൃതർ നോക്കിക്കാണുന്നത്. ഇയാളുടെ മുറിയിൽ നിന്നോ ജോലി ചെയ്തിരുന്ന മറ്റിടങ്ങളിൽ നിന്നോ മറ്റെന്തെങ്കിലും ദുരുദ്ദേശ്യപരമായ കാര്യങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെങ്കിലും വിശദമായ അന്വേഷണമാണ് നടത്തുന്നത്. പശ്ചിമ ബംഗാളിൽ നിന്നുള്ള രേഖകൾ വ്യാജമായി ഉണ്ടാക്കിയവയാണെന്നും അതേക്കുറിച്ച് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു. മിലിട്ടറി ഇന്റലിജൻസും തീവ്രവാദവിരുദ്ധ സ്കോഡും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വൈകാതെ ഇയാളെ ചോദ്യം ചെയ്യാൻ കേന്ദ്ര സംഘം എത്തും.