ഉള്ളൂർ: ഭക്ഷ്യവിഷബാധയെ തുടർന്ന് 28 നഴ്സിംഗ് വിദ്യാർത്ഥികൾ മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സതേടി.കോളേജ് ഹോസ്റ്റലിലെ ഭക്ഷണം കഴിച്ചതിനെ തുടർന്നാണ് വിദ്യാർത്ഥികൾക്ക് അസ്വസ്ഥതയുണ്ടായത്.രാവിലെ മൂന്ന് വിദ്യാർത്ഥികളാണ് ചികിത്സ തേടിയത്.
തുടർന്ന് ഭക്ഷണം കഴിച്ച എല്ലാവരും ചികിത്സ തേടുകയായിരുന്നു.രാവിലെ ഇഡലിയും സാമ്പാറുമായിരുന്നു ഭക്ഷണം. കഴിഞ്ഞ ദിവസം രാത്രിയിൽ ചപ്പാത്തിയും കറിയുമായിരുന്നു. ഭക്ഷണം തയ്യാറാക്കാൻ വിദ്യാർത്ഥികളാണ് ജീവനക്കാരെ നിയോഗിച്ചിരുന്നത്.പാചകത്തിന് ആവശ്യമായ വസ്തുക്കൾ വാങ്ങി നൽകിയിരുന്നു. ഭക്ഷ്യസുരക്ഷാ അധികൃതരെത്തി വിദ്യാർത്ഥികൾ കഴിച്ച ഭക്ഷണത്തിന്റെ സാമ്പിളുകൾ ശേഖരിച്ചു. ഏത് ഭക്ഷണത്തിൽ നിന്നുമാണ് ഭക്ഷ്യ വിഷബാധയുണ്ടാതെന്ന് തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ഇവർ കുടിക്കാൻ ഉപയോഗിച്ച വെള്ളവും പരിശോധിക്കും. അത്യാഹിത വിഭാഗത്തിൽ നിരീക്ഷണത്തിൽ തുടരുന്ന ഇവരുടെ ആരോഗ്യ നില മെച്ചപ്പെടുന്ന അവസരത്തിൽ ഡിസ്ചാർജ്ജ് ചെയ്യുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.