തിരുവനന്തപുരം: കുടിവെള്ള പൈപ്പ് ലൈനുകൾ നിരന്തരം പൊട്ടി വർഷങ്ങളായി യാത്രാദുരിതം അനുഭവപ്പെടുന്ന ആനന്ദേശ്വരം-ഇടത്തറ-മുക്കിക്കട റോഡിന്റെ ശോചനീയാവസ്ഥ രണ്ടു മാസത്തിനകം പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. ടാറിംഗും ഓടനിർമ്മാണവും രണ്ടുമാസത്തിനകം പൂർത്തിയാക്കി സഞ്ചാരയോഗ്യമാക്കുമെന്ന് നഗരസഭാ സെക്രട്ടറിയുടെ പ്രതിനിധി കമ്മിഷന് നേരിട്ട് നൽകിയ ഉറപ്പ് കൃത്യമായി പാലിക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു. ജല അതോറിറ്റിയും സിറ്റി ഗ്യാസ് ഏജൻസിയും പൈപ്പ് ലൈൻ ജോലികൾ പൂർത്തിയാക്കിയതായി നഗരസഭ അസി. എൻജിനിയർ അറിയിച്ചു. റോഡിന്റെ അറ്റകുറ്റപണികളും ടാറിംഗും നഗരസഭ ഏറ്റെടുത്ത് രണ്ടു മാസത്തിനകം പൂർത്തിയാക്കും. ഉളിയാഴ്‌ത്തുറ ആനന്ദേശ്വരം റസിഡൻസ് അസോസിയേഷന് വേണ്ടി പ്രസിഡന്റ് സി. എസ്. സുരേഷ് കുമാർ നൽകിയ പരാതിയിലാണ് നടപടി.